ഒമാനിൽ കുട്ടികളുടെ മുങ്ങിമരണങ്ങൾ തടയാൻ വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി
അസ്ഥിര കാലാവസ്ഥയെ തുടർന്നുണ്ടായ കനന്ന മഴയിൽ കഴിഞ്ഞ ആഴ്ച ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കുട്ടികൾ മുങ്ങി മരിച്ചിരുന്നു.

മസ്‌കത്ത്: ഒമാനിൽ പ്രതികൂല കാലാവസ്ഥയിൽപ്പെട്ട് ഉണ്ടാകുന്ന കുട്ടികളുടെ മുങ്ങിമരണങ്ങൾ തടയാൻ കമ്മിറ്റികൾക്ക് രൂപം നൽകി. സാമൂഹിക വികസന മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്ന മസ്‌കത്തിലെ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. ഒമാനിൽ കുട്ടികളുടെ മുങ്ങിമരണങ്ങൾ പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളിൽ വർധിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.
സാമൂഹിക വികസന മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, റോയൽ ഒമാൻ പൊലീസ്, പബ്ലിക് പ്രോസിക്യൂഷൻ ഡിപ്പാർട്ട്മെന്റ്, സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, സ്വകാര്യ-സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ഒമാനിലെ ഗവർണറേറ്റുകളിൽ സബ് കമ്മിറ്റികൾക്ക് രൂപം നൽകിയിരിക്കുന്നത്. അസ്ഥിര കാലാവസ്ഥയെ തുടർന്നുണ്ടായ കനന്ന മഴയിൽ കഴിഞ്ഞ ആഴ്ച ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കുട്ടികൾ മുങ്ങി മരിച്ചിരുന്നു. സലാലയിലെ മുഗ്‌സൈൽ ബീച്ചിൽ ഇന്ത്യക്കാരായ രണ്ട് കുട്ടികൾ അപകടത്തിൽപ്പെട്ടിരുന്നു. മസ്‌കത്ത് ഗവർണേറേറ്റിലെ അൽ-അത്തൈബ ബീച്ചിൽ അകപ്പെട്ട നാല് കുട്ടികളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ടീമുകൾ രക്ഷപ്പെടുത്തുകയും ചെയ്തു. കുട്ടികളെ നിരീക്ഷിക്കണമെന്നും അപകടകരമായ സാഹചര്യങ്ങളിൽ നീന്താൻ അനുവദിക്കരുതെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
Adjust Story Font
16

