'വേനൽ തുമ്പികൾ അവധിക്കാല ക്യാമ്പ്' നാല് ദിവസം
രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ക്യാമ്പ്

മസ്‌കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം 'വേനൽ തുമ്പികൾ അവധിക്കാല ക്യാമ്പ്' ജൂലൈ 11, 12, 18, 19 തീയതികളിലായി ദാർസൈത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടക്കും. നാല് ദിവസങ്ങളിലും രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ ആയിരിക്കും ക്യാമ്പ്. രണ്ടാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. നാട്ടിൽ നിന്ന് വരുന്ന പ്രഗത്ഭരായ അധ്യാപകരാണ് ക്യാമ്പ് നയിക്കുന്നത്.
കുട്ടികളുടെ സർഗവാസനകൾ കണ്ടറിഞ്ഞ് അവയെ പരിപോഷിപ്പിക്കുന്ന വിധത്തിൽ വിനോദ- വിജ്ഞാനപ്രദമായാണ് ക്യാമ്പിന്റെ കരിക്കുലം തയ്യാറാക്കിയിട്ടുള്ളത്. അവധിക്കാലത്തിന്റെ ഒറ്റപ്പെടലുകളിൽനിന്ന് പുറത്ത് കടക്കുക, സാമൂഹിക ജീവിതത്തിൽ ഉയർത്തിപ്പിടിക്കേണ്ട ശീലങ്ങളും മൂല്യങ്ങളും സമീപനങ്ങളും സംബന്ധിച്ച ധാരണകൾ കുട്ടികളിൽ എത്തിക്കുക, വായന, എഴുത്ത്, ചിത്രം, നാടകം, സംഗീതം, സിനിമ തുടങ്ങിയ സർഗാത്മക സാധ്യതകളെ ജീവിത നൈപുണീ വികാസത്തിനായി പ്രയോജനപ്പെടുത്താൻ കുട്ടികളെ പരിശീലിപ്പിക്കുക തുടങ്ങിയവയാണ് ഈ വർഷത്തെ ക്യാമ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ. കേരള വിഭാഗം നിലവിൽ വന്നതിനു ശേഷം കോവിഡ് കാലത്തൊഴികെ എല്ലാ വർഷങ്ങളിലും വളരെ വിപുലമായ രീതിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചു വരുന്നത്. കൂടുതൽ വിവരങ്ങൾക്കായി 96680354, 96074859 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Adjust Story Font
16

