സലാല ഇന്ത്യൻ സ്‌കൂൾ അസി.വൈസ് പ്രിൻസിപ്പാൾ വിപിൻ ദാസ് സി.കെ. ഡോക്ടറേറ്റ് നേടി
സാമ്പത്തിക ശാസ്ത്രത്തിലാണ് ഡോക്ടറേറ്റ്

സലാല: ഇന്ത്യൻ സ്‌കൂൾ സലാലയിലെ അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പാൾ വിപിൻ ദാസ് സി.കെ. ഡോക്ടറേറ്റ് നേടി. മാനസസരോവർ ഗ്ലോബൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. 16 വർഷമായി സലാല ഇന്ത്യൻ സ്‌കൂൾ അധ്യാപകനാണ്. കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി സ്വദേശിയായ ഇദ്ദേഹം തലശ്ശേരി ബ്രണ്ണൻ കോളേജ്, കണ്ണൂർ ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. പിന്നീട് മധുര കാമരാജ്, രബീന്ദ്രനാഥ് ടാഗോർ, വില്യം ക്യാരി തുടങ്ങിയ യൂണിവേഴ്‌സിറ്റികളിൽ നിന്നായി വിവിധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലെ മികച്ച അധ്യാപകർക്കുള്ള നവിൻ അഷർ കാസി അവാർഡ് ഉൾപ്പടെ വിവിധ അവാർഡുകൾ നേടിയിട്ടുണ്ട്. സലാലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും ഇദ്ദേഹമുണ്ട്. ഭാര്യ രമിഷ വിപിൻ ദാസ് അധ്യാപികയാണ്. ആദി ദേവ്, വേദിക എന്നിവർ മക്കളാണ്.
സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. വിപിൻ ദാസ് സി.കെയെ ഇന്ത്യൻ സ്‌കൂൾ അധികൃതർ അഭിനന്ദിച്ചു. ഇത് സ്‌കൂളിന് കൂടിയുള്ള അംഗീകാരമാണെന്നും അവർ പറഞ്ഞു.
Adjust Story Font
16

