ഒമാനിലെ ഖുറിയാത്തിലെ വാദി ദൈഖ അണക്കെട്ടിൽ ജലശുദ്ധീകരണ പ്ലാന്റ് വരുന്നു
55 ദശലക്ഷം റിയാൽ ചിലവ് കണക്കാക്കുന്ന പദ്ധതിക്കായി സ്വകാര്യ മേഖലയുമായി സഹകരിച്ച് നാമ വാട്ടർ സർവിസസ് കരാർ ഒപ്പുവെച്ചു

മസ്കത്ത്: ഒമാനിലെ ഖുറിയാത്തിലെ വാദി ദൈഖ അണക്കെട്ടിൽ ജലശുദ്ധീകരണ പ്ലാന്റ് വരുന്നു. ജലസുരക്ഷ ശക്തിപ്പെടുത്തുന്നതിലും വരിക്കാർക്ക് സ്ഥിരമായ കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിനുമായുള്ള ഗവൺമെന്റിന്റെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് പദ്ധതി. പ്രധാനമായും കാലാവസ്ഥ മാറ്റം ഉണ്ടാകുമ്പോൾ ജലവിതരണം ഉറപ്പാക്കുന്നതിനാണ് സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാർഷിക മേഖലയെ പിന്തുണക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. 20 വർഷത്തെ പൊതു-സ്വകാര്യ പങ്കാളിത്ത കരാറിന് കീഴിലാണ് പ്ലാന്റ് നിർമിക്കുക. പ്ലാന്റിന്റെയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുടെയും നിർമ്മാണം 22 മാസത്തിനുള്ളിൽ പൂർത്തിയാക്കും. പ്രതിദിനം 65,000 ക്യുബിക് മീറ്റർ മൊത്തം ഉൽപാദന ശേഷിയുണ്ടാകും. 35,000 ക്യുബിക് മീറ്റർ കുടിവെള്ളം പ്രതിദിനം വിതരണത്തിനായി നാമ വാട്ടർ സർവീസസിലേക്ക് തിരിച്ചുവിടും. ബാക്കി 30,000 ക്യുബിക് മീറ്റർ കാർഷിക ജലസേചനത്തിനായി നൽകും. കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്‌സിയുടെ സാന്നിധ്യത്തിൽ നാമ വാട്ടർ സർവീസസിന്റെ സി.ഇ.ഒ ഖായിസ് ബിൻ സൗദ് അൽ സക്‌വാനിയും അൽ തായർ എൻജിനീയറിംഗ് സർവിസസ് കമ്പനിയുടെ ചെയർമാൻ സുൽത്താൻ ബിൻ അബ്ദുല്ല അൽ ജാഫരിയുമാണ് കരാറൊപ്പിട്ടത്.
Adjust Story Font
16

