വിന്റർ സീസൺ; ബിദിയ്യ കാർണിവലിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്
കാർണിവൽ നവംബർ 29 വരെ നീണ്ടുനിൽക്കും

മസ്‌കത്ത്: ഒമാനിൽ വിന്റർ സീസൺ ആരംഭിച്ചതോടെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പരിപാടികൾ ഒരുക്കുന്നതിന്റെ തിരക്കിലാണ് ഓരോ ഗവർണറേറ്റുകളും. വടക്കൻ ഷർഖിയ ഗവർണറേറ്റിലെ ബിദിയ്യ കാർണിവലിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. പൈതൃകം സാഹസിക വിനോദം പ്രദർശനങ്ങൾ എന്നിവ സമന്വയിക്കുന്ന കാർണിവൽ നവംബർ 29 വരെ നീണ്ടുനിൽക്കും.
വടക്കൻ ഷർഖിയ ഗവർണറേറ്റിലെ ശീതകാല ഉത്സവമാണ് ബിദിയ്യ കാർണിവൽ. കരകൗശല പ്രദർശനം, സംഗീത പരിപാടികൾ, ഒമാനി കലാരൂപങ്ങൾ തുടങ്ങിവ ഒരുപോലെ സമന്വയിക്കുന്ന കാർണിവലിലേക്ക് രാജ്യത്തിനകത്തും പുറത്തുനിന്നുമായി സഞ്ചാരികളുടെ ഒഴുക്കാണ്. സാഹസിക വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രവുമാണിവിടം. ഒട്ടക കുതിര പരേഡ്, പാരഗ്ലൈഡിങ് തുടങ്ങിയവയും കാർണിവലിന്റെ ഭാഗമായി നടക്കുന്നുണ്ട്. ബിദിയ്യ ക്ലബ്ബും ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനും വടക്കൻ ഷർഖിയ ഗവർണറേറ്റും സംയുക്തമായാണ് കാർണിവൽ ഒരുക്കുന്നത്.
ഒമാന്റെ കിഴക്കൻ മണൽ പ്രദേശങ്ങളിലെ പ്രകൃതി സൗന്ദര്യവും വിനോദ സഞ്ചാര ആകർഷണവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ബിദിയ്യ കാർണിവലിലൂടെ. ഒപ്പം മരുഭൂമി കായിക ഇനങ്ങളിലേക്ക് സാഹസിക വിനോദ സഞ്ചാരികളെ ആകർഷിക്കുകയുമാണ്.
ഏപ്രിൽ വരെ നീളുന്ന ശീതകാല സീസണിൽ ഗവർണറേറ്റിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുള്ള പരിപാടികളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. സഞ്ചാരികളെ സ്വീകരിക്കാനായി ഹോട്ടലുകൾ ഗസ്റ്റ്ഹൗസുകൾ ടൂറിസ്റ്റ് ക്യാമ്പുകൾ, റസ്റ്റ്ഹൗസുകൾ തുടങ്ങി നൂറോളം വിനോദ സഞ്ചാര താമസ സ്ഥാപനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.
Adjust Story Font
16

