ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനം;മനുഷ്യക്കടത്ത് തടയുന്നതിൽ പുരോഗതി കൈവരിച്ച് ഒമാൻ
‘അമാൻ’ എന്ന പേരിൽ കാമ്പയിൻ ദേശീയ സമിതി ആരംഭിച്ചു
മസ്കത്ത്: മനുഷ്യക്കടത്ത് തടയുന്നതിലും അതിലെ നിയമനിർമാണത്തിലും ഒമാൻ പുരോഗതി കൈവരിച്ചതായി വിലയിരുത്തൽ. അതിർത്തികൾ കടന്ന് പ്രവർത്തിക്കുന്ന സംഘടിത ക്രിമിനൽ ശൃംഖല തകർക്കാൻ സാധിച്ചെന്നും റിപ്പോർട്ട്. അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് വിലയിരുത്തൽ.
മനുഷ്യക്കടത്ത് തടയുന്നതിനുള്ള നിയമനിർമാണം മെച്ചപ്പെടുത്തുന്നതിൽ ഒമാൻ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് എൻക്വയറീസ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജമാൽ ബിൻ ഹബീബ് അൽ ഖുറൈഷി പറഞ്ഞു. പൊതുജന അവബോധം വളർത്തുന്നതിനും, മനുഷ്യക്കടത്ത് റിപ്പോർട്ട് ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും, ഇരകളുടെ അവകാശങ്ങളെക്കുറിച്ച് അറിയിക്കുന്നതിനുമായി ‘അമാൻ’ എന്ന പേരിൽ കാമ്പയിൻ ദേശീയ സമിതി ആരംഭിച്ചു. മനുഷ്യക്കടത്ത് ഇരകളെ മികച്ച രീതിയിൽ തിരിച്ചറിയുന്നതിനും സംരക്ഷിക്കുന്നതിനുമായി ആർ.ഒ.പി ഒരു പുതിയ സംവിധാനം ആവിഷ്‌കരിച്ചിട്ടുണ്ട്. മനുഷ്യക്കടത്തിന്റെ സൂചനകൾ തിരിച്ചറിയുന്നതിനും വേഗത്തിലുള്ള നിയമനടപടികളും ഉചിതമായ പരിചരണം സാധ്യമാക്കുന്നതിനും ഏജൻസികളിലുടനീളമുള്ള ഉദ്യോഗസ്ഥർക്ക് പരിശീലനവും നൽകി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിരവധി കേസുകൾ കൈകാര്യം ചെയ്തു,
അറബ്, ഏഷ്യൻ രാജ്യങ്ങളിലെ വ്യക്തികൾ ടൂറിസ്റ്റ് വിസയിൽ ഒമാനിൽ പ്രവേശിച്ച് നിയമവിരുദ്ധമായി അവയവം മാറ്റിവെക്കൽ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തുകയും ചെറുക്കുകയും ചെയ്തു. വൃക്ക ആവശ്യമുള്ള നിർധനരായ രോഗികളെ ലക്ഷ്യമിട്ടായിരുന്നു ഇത്. വിദേശ സ്ത്രീകളെ ഒമാനിലേക്ക് ആകർഷിക്കുന്നതിനായി വ്യാജ തൊഴിൽ പരസ്യങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. വിസിറ്റ് വിസകളിൽ തൊഴിലാളികളെ കൊണ്ടുവന്ന് നിയമവിരുദ്ധമായി ജോലി ചെയ്യിപ്പിക്കുന്ന കേസുകൾ കൈകാര്യം ചെയ്തു. ഇറ്റാലിയൻ അധികൃതർ തിരയുന്ന വ്യക്തിയെ ഒമാനിൽ പിടികൂടി അന്താരാഷ്ട്ര പ്രോട്ടോക്കോളുകൾ പാലിച്ച് നാടുകടത്തിയെന്നും അധികൃതർ വ്യക്തമാക്കി.
Adjust Story Font
16

