2026 ഫുട്ബോൾ ലോകകപ്പ്; സുരക്ഷയൊരുക്കാന്‍ ഖത്തറും
ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗവും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

ദോഹ: അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്ബോളിന് സുരക്ഷയൊരുക്കാന്‍ ഖത്തറും. ഇതു സംബന്ധിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗവും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ലോകകപ്പ് ഫുട്ബോള്‍ പോരാട്ടങ്ങള്‍ക്ക് പന്തുരുളാന്‍ ഇനി ഒരു വര്‍ഷം തികച്ചില്ല. അവസാന വട്ട ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് ആതിഥേയരായ അമേരിക്ക,മെക്സിക്കോ,കാനഡ രാജ്യങ്ങള്‍. ഇതിന്റെ ഭാഗമായാണ് കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങളുമായി 2022ല്‍ ലോകകപ്പ് നടത്തിയ ഖത്തറുമായി അമേരിക്ക ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. വന്‍മേളകളില്‍ സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട അനുഭവങ്ങളും വൈദഗ്ധ്യവും ഖത്തര്‍ പങ്കുവെയ്ക്കും. വാഷിങ്ടണ്‍ ഡിസിയില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രിയും ലഖ്വിയ കമാന്‍ഡറുമായി ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനിയും യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയെമും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. കഴിഞ്ഞ വര്‍ഷം ഇതുസംബന്ധിച്ച് ഇരു രാജ്യങ്ങളും പ്രാഥമിക കരാറുകളില്‍ ഒപ്പുവെച്ചിരുന്നു. ഖത്തറിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗമായ ലഖ്വിയയും അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയായ എഫഫ്ബിഐയും തമ്മിലുള്ള സഹകരണം ഊര്‍ജിതമാക്കുന്നതായിരുന്നു കരാര്‍. അമേരിക്ക, ബ്രിട്ടണ്‍,ഫ്രാന്‍സ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഖത്തര്‍ ലോകകപ്പിന്റെ സുരക്ഷയിലും പങ്കാളികളായിരുന്നു. ഇതിന് പിന്നാലെ നടന്ന പ്രധാന അന്താരാഷ്ട്ര കായിക വേദികളില്‍ ഖത്തര്‍ സുരക്ഷാ വിഭാഗത്തിന്റെ സാന്നിധ്യമുണ്ട്. 2024 പാരീസ് ഒളിമ്പിക്സിലും, ഇതേ വേദിയിൽ നടന്ന പാരാലിമ്പിക്സിലും ഖത്തര്‍ സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.
Adjust Story Font
16

