Quantcast

ആയിരങ്ങൾക്ക് തുണയായി; ഇരുപതാമത് ഏഷ്യൻ മെഡിക്കൽ ക്യാമ്പിന് പ്രൗഢസമാപ്തി

3400 പേർക്ക് ക്യാമ്പിൽ മരുന്നടക്കമുള്ള സൗജന്യസേവനങ്ങൾ ലഭ്യമാക്കി

MediaOne Logo

Gulf Desk

  • Published:

    30 Oct 2026 10:31 PM IST

20th Asian Medical Camp in Qatar
X

ദോഹ: ഖത്തറിലെ കുറഞ്ഞ വേതനക്കാരായ തൊഴിലാളികൾക്ക് കനിവും കരുതലുമായി സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി സംഘടിപ്പിച്ച ഏഷ്യൻ മെഡിക്കൽ ക്യാമ്പ്. ഇന്ത്യൻ ഡോക്ടേഴ്‌സ് ക്ലബ്ബുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുറഞ്ഞ വേതനക്കാരായ തൊഴിലാളികൾ, വീട്ടുജോലിക്കാർ, ഡ്രൈവർമാർ തുടങ്ങി വിവിധ ഏഷ്യൻരാജ്യങ്ങളിലെ ആയിരങ്ങൾക്ക് ക്യാമ്പ് ആശ്വാസമായി. ദോഹ ഉം അൽ സനീൻ ഹെൽത്ത് സെന്ററിലായിരുന്നു ക്യാമ്പ്. ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഢിയാണ് ഉദ്ഘാടനം നിർവഹിച്ചു. ശ്രീലങ്കൻ അംബാസഡർ റോഷൻ സിത്താര ഖാൻ, നേപ്പാൾ, ബംഗ്ലാദേശ് എംബസികളിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഖത്തർ ആരോഗ്യമന്ത്രാലയം ഉന്നതഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സിഐസി പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ, ഐഡിസി പ്രസിഡന്റ് ഡോ. റിനി കെ. ഷൗക്കത്ത്, അഹ്‌മദ് അൽമാലികി (അസി. എക്സിക്യൂട്ടീവ് ഡയറക്ടർ, പബ്ലിക് റിലേഷൻസ്, എച്ച്എംസി), സിതാര ഖാൻ അസർദ് (അംബാസഡർ, ശ്രീലങ്കൻ എംബസി), ജിതേന്ദ്ര ഗിരി (ഫസ്റ്റ് സെക്രട്ടറി, നേപ്പാൾ എംബസി), മശ്ഹൂദുൽ കബീർ (സീനിയർ കൗൺസിലർ, ബംഗ്ലാദേശ് എംബസി), ഡോ. ദിനേശ് കുമാർ കൗൾ (അറ്റാഷെ കൊമേഴ്സ്, ഇന്ത്യൻ എംബസി), ഡോ. മോഹൻ തോമസ് (പ്രവാസി ഭാരതീയ സമ്മാൻ ജേതാവ്, ഐഡിസി മുൻ പ്രസിഡന്റ്), ഡോ. ഹയാം അൽസാദ (റീജ്യണൽ ഡയറക്ടർ, പിഎച്ച്സിസി), ഡോ. യൂസുഫ് അൽ റബീഅ (ആക്ടിംഗ് ഡയറക്ടർ, ഉം അൽ സനീം ഹെൽത്ത് സെന്റർ), ഡോ. അബ്ദുൽ വാഹിദ് അൽമുല്ല (ചെയർമാൻ, കാർഡിയാക് സർജറി, ഹാർട്ട് ഹോസ്പിറ്റൽ), ഡോ. ഹിബ അദ്നാൻ അബൂ ഹലാവ (ഹെഡ് ഓഫ് ഹെൽത്ത് അവയർനെസ്, പിഎച്ച്സിസി), ഡോ. അബ്ദുൽ റഷീദ് (ഹെഡ് ഓഫ് കാർഡിയാക് അനസ്തേഷ്യ ആൻഡ് ഐസിയു, ഹാർട്ട് ഹോസ്പിറ്റൽ), അശ്റഫ് (എം.ഡി., വെൽകെയർ ഫാർമസി), എപി മണികണ്ഠൻ (ഐസിസി പ്രസിഡന്റ്), ഷാനവാസ് ബാവ (പ്രസിഡന്റ്, ഐസിബിഎഫ്) താഹ മുഹമ്മദ് (ഐബിപിസി പ്രസിഡന്റ് ), പി.എം ബാബുരാജ്, കെ.എസ് പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിശിഷ്ടാതിഥികൾക്ക് സിഐസി പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ മെമന്റോകൾ നൽകി ആദരിച്ചു.

ഖത്തർ ആരോഗ്യമന്ത്രാലയം, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ, ഹമദ് മെഡിക്കൽ കോർപറേഷൻ എന്നിവയുടെ മേൽനോട്ടത്തിൽ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സിഐസി ഖത്തർ) ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ്ബു (ഐഡിസി) മായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് വിവിധ വൈദ്യ സേവനങ്ങൾ, മികച്ച സംഘാടനം, ആരോഗ്യരംഗത്തെ വിവിധ കൂട്ടായ്മകളുടെ പങ്കാളിത്തം, പ്രതിബദ്ധരായ സന്നദ്ധപ്രവർത്തകരുടെ നിസ്വാർഥ സേവനം തുടങ്ങി വേറിട്ട അനുഭവങ്ങളുടെ സംഗമവേദിയായി.

യുനൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യാ ഖത്തർ (യൂനിഖ്), വെൽകെയർ ഫാർമസി, ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ, ഇന്ത്യൻ ഫിസിയോ തെറാപ്പി ഫോറം എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഖത്തർ റെഡ് ക്രസന്റ്, ഖത്തർ ഡയബറ്റിക് അസോസിയേഷൻ, ശൈഖ് ജാസിം ഫൗണ്ടേഷൻ എന്നീ എൻജിഒകളും ക്യാമ്പുമായി സഹകരിച്ചു.

ഹൃദ്രോഗം, കരൾരോഗം, വൃക്കരോഗം, അസ്ഥിരോഗം, ചർമരോഗം, ഇ. എൻ. ടി, നേത്രരോഗം, ദന്തരോഗം, ഇന്റേണൽ മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ദ ഡോക്ടർമാരുടെ പരിശോധനയും ചികിത്സയും മരുന്ന് വിതരണവും ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു. പൊതുജനങ്ങൾക്ക് വേണ്ടി വിദഗ്ധർ നയിച്ച ആരോഗ്യബോധവത്കരണ ക്ലാസുകൾക്ക് പുറമെ രക്തദാനം, അവയവദാനത്തിനുള്ള രജിസ്‌ട്രേഷൻ, കൗൺസലിംഗ്, ഫിസിയോ തെറാപ്പി, ഓഡിയോളജി, നേത്രപരിശോധന, തുടങ്ങിയ സേവനങ്ങളും ക്യാമ്പിൽ ലഭ്യമായിരുന്നു.

3400 ൽ പരം പേർക്കാണ് ഇത്തവണ ക്യാമ്പിൽ മരുന്നടക്കമുള്ള സൗജന്യസേവനങ്ങൾ ലഭ്യമാക്കിയത്. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക അടക്കം പത്ത് രാജ്യങ്ങളിൽ നിന്നായി 381 സ്ത്രീകളടക്കം നാലായിരത്തോളം പേരാണ് ഇത്തവണ രജിസ്റ്റർ ചെയ്തത്.

ഡോ.സോണി സി ദാസ് (ചർമരോഗവിദഗ്ധൻ), ഡോ. കൃഷ്ണകുമാർ കെ (നെഫ്രോളജി സ്പെഷലിസ്റ്റ്, ഹമദ് ഹോസ്പിറ്റൽ), ഡോ. ഹേമ കെ.പി (ഗൈനക്കോളജിസ്റ്റ്, ആസ്റ്റർ മിംസ്) തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

വെള്ളിയാഴ്ച നടന്ന ക്യാമ്പിൽ 140ലേറെ വിദഗ്ധ ഡോക്ടർമാർ, 150 ലധികം നഴ്സുമാർ, 40 ലധികം ഫാർമസിസ്റ്റുകൾ എന്നിവർക്ക് പുറമെ സിഐസി ഖത്തറിന്റെ അഞ്ഞൂറിൽപരം വളണ്ടിയർമാരും ക്യാമ്പിൽ സേവനമനുഷ്ഠിച്ചു.

ക്യാമ്പ് ജനറൽ കൺവീനർ നൗഫൽ പാലേരി, കൺവീനർ മുഷ്ത്താക് ഹുസൈൻ, ക്യാമ്പ് ഇൻ ചാർജ് ഡോ ഷഫീഖ് താപ്പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

TAGS :

Next Story