ഏഷ്യൻ കപ്പ് യോഗ്യത: ഇന്ത്യ - ബ്രൂണൈ മത്സരം നാളെ
ഗ്രൂപ്പിലെ അവസാന മത്സരമാണ് നാളത്തേത്

ദോഹ: എഎഫ്‌സി അണ്ടർ ട്വന്റി ത്രീ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ നാളെ ബ്രൂണൈയെ നേരിടും. ദോഹയിലെ സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പിലെ അവസാന മത്സരമാണ് നാളത്തേത്. ശക്തരായ ഖത്തറിനെതിരെ നേരിട്ട തോൽവിക്ക് പിന്നാലെയാണ് ഇന്ത്യ ബ്രൂണൈയ്‌ക്കെതിരെ ബൂട്ടുകെട്ടുന്നത്. ഗ്രൂപ്പ് എച്ചിൽ ആറു പോയിന്റുമായി ഖത്തറാണ് ഒന്നാം സ്ഥാനത്ത്. മൂന്നു പോയിന്റുമായി ഇന്ത്യയും ബഹ്‌റൈനും രണ്ടാമതാണ്. നാളെ ഇന്ത്യ ബ്രൂണെയെ തോല്പിക്കുകയും ഖത്തർ ബഹ്‌റൈനോട് ചെറിയ മാർജിനിൽ തോൽക്കുകയും ചെയ്താൽ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരാകും. എന്നാൽ ബഹ്‌റൈനെതിരെ ഖത്തർ സമനില പാലിച്ചാൽ പോലും ആതിഥേയരാകും ഗ്രൂപ്പ് ജേതാക്കൾ. ഇതോടെ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത ഉറപ്പാക്കണമെങ്കിൽ ഇന്ത്യ വലിയ ഗോൾ വ്യത്യാസത്തിൽ ബ്രൂണൈയെ തോല്പിക്കേണ്ടി വരും. മറ്റു ഗ്രൂപ്പുകളിലെ ഫലങ്ങളും നിർണായകമാകും.
രണ്ടു മത്സരങ്ങളിൽ 23 ഗോൾ വഴങ്ങിയ ബ്രൂണൈയ്‌ക്കെതിരെ ഗോളടിച്ചു കൂട്ടാമെന്നാണ് ഇന്ത്യൻ യുവനിരയുടെ പ്രതീക്ഷ. ആദ്യ മത്സരത്തിൽ ബഹ്‌റൈനെ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് ഇന്ത്യ തോല്പിച്ചത്. രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോൾ വഴങ്ങി ഖത്തറിനോട് തോറ്റു. 11 ഗ്രൂപ്പ് ജേതാക്കളും ഏറ്റവും മികച്ച നാലു രണ്ടാം സ്ഥാനക്കാരുമാണ് അടുത്ത വർഷം സൗദിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടുക. ഖത്തറിനെതിരെ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയ പ്രതിരോധതാരം പ്രംവീർ ബ്രൂണെയ്‌ക്കെതിരെ കളത്തിലുണ്ടാകില്ല. മറ്റുള്ള എല്ലാ കളിക്കാരും പൂർണ സജ്ജരാണ്.
Adjust Story Font
16

