Quantcast

ഖത്തറിൽ വില്ലകളുടെ അനധികൃത വിഭജനം, നടപടിയെടുക്കുമെന്ന് അധികൃതർ

അനുമതിയില്ലാതെ താമസകേന്ദ്രങ്ങൾ വിഭജിക്കുന്നത് നിയമവിരുദ്ധവും പിഴ ഈടാക്കേണ്ട കുറ്റവുമാണ്

MediaOne Logo

Web Desk

  • Published:

    2 Sept 2025 10:34 PM IST

ഖത്തറിൽ വില്ലകളുടെ അനധികൃത വിഭജനം, നടപടിയെടുക്കുമെന്ന് അധികൃതർ
X

ദോഹ: വില്ലകൾ വിഭജിച്ച് വാടകയ്ക്ക് നൽകുന്നതിനെതിരെ ദോഹ മുനിസിപ്പാലിറ്റി. നിയമം ലംഘിച്ചാൽ കർശന നടപടിയെടുക്കും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ശക്തിപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

ഔദ്യോഗിക മാധ്യമമായ ഖത്തർ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ ദോഹ മുനിസിപ്പാലിറ്റി കൺട്രോൾ ഡിപാർട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് സുൽത്താൻ അൽ ഷഹ് വാനിയാണ് വില്ലകൾ പാർട്ടീഷൻ ചെയ്യുന്നതിനെതിരെ മുന്നറിയിപ്പു നൽകിയത്. വില്ലകൾ വിഭജിക്കുന്ന പ്രവണത ഇല്ലാതാക്കണം. ചിലയിടങ്ങളിൽ ഇങ്ങനെ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മുനിസിപ്പൽ നിയമങ്ങൾ അനുസരിച്ച് സവിശേഷ രീതിയിലാണ് വില്ലകളുടെ നിർമാണം. അതുപ്രകാരം അവിടെ കുടുംബങ്ങളാണ് താമസിക്കേണ്ടത്. അവർക്കിടയിൽ തൊഴിലാളികൾ താമസിക്കുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ്. ഇത് കർശനമായി നിയന്ത്രിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രദേശത്തിന്റെ നഗരസ്വഭാവം നിലനിർത്തുകയാണ് പരിശോധനകളുടെ ലക്ഷ്യമെന്ന് ദോഹ മുനിസിപ്പാലിറ്റി സാങ്കേതിക വിഭാഗം ഡയറക്ടർ ഇബ്രാഹിം അബ്ദുല്ല അൽ ഹറമി പറഞ്ഞു. അനുമതിയില്ലാതെ താമസകേന്ദ്രങ്ങൾ വിഭജിക്കരുത്. ഇത് നിയമവിരുദ്ധവും പിഴ ഈടാക്കേണ്ട കുറ്റവുമാണ്. വില്ലകൾ വിഭജിക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന നാശനഷ്ടങ്ങളിൽ നിന്ന് തദ്ദേശവാസികൾക്ക് സംരക്ഷണം ഉറപ്പുവരുത്തണം. ഇക്കാര്യങ്ങളിൽ പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുമെന്നും അധികൃതർ അറിയിച്ചു.

TAGS :

Next Story