ദർബ് അൽ സാഇയിലെ ആഘോഷം, എത്തിയത് മൂന്നു ലക്ഷം പേർ
2022 മുതലാണ് ദർബ് അൽ സാഇ ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ സ്ഥിരം വേദിയായി മാറിയത്

ദോഹ: ഖത്തർ ദേശീയ ദിനത്തോട് അനുബന്ധിച്ച് ദർബ് അൽ സാഇയിൽ നടന്ന ആഘോഷ പരിപാടികളിൽ റെക്കോഡ് ജനപങ്കാളിത്തം. മൂന്നു ലക്ഷം പേരാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്. സാംസ്കാരിക മന്ത്രാലയത്തിനു കീഴിലായിരുന്നു പരിപാടികൾ.
രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം വിളംബരം ചെയ്യുന്ന ആഘോഷ പരിപാടികളാണ് ഉം സലാലിലെ ദർബ് അൽ സാഇ വേദിയിൽ അരങ്ങേറിയത്. പതിനൊന്ന് ദിവസം നീണ്ടു നിന്ന ആഘോഷത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടേക്ക് ഒഴുകിയെത്തുകയും ചെയ്തു. ദിനംപ്രതി എത്തിയത് ശരാശരി മുപ്പതിനായരം പേർ.
ഒന്നര ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥിരം വേദിയിലായിരുന്നു സാംസ്കാരിക-കലാപരിപാടികൾ. വിവിധ മന്ത്രാലയങ്ങളും സന്നദ്ധ സംഘടനകളും ആഘോഷത്തിന്റെ ഭാഗമായി. ഖത്തറി ചരിത്രത്തെ അടുത്തറിയാനായി പൈതൃക വില്ലേജ്, ഇന്ററാക്ടീവ് എക്സിബിഷനുകൾ, കരകൗശല മേള, തത്സമയ സംഗീത പരിപാടികൾ തുടങ്ങിയവ ദർബൽ സാഇയിൽ ഒരുക്കിയിരുന്നു. കാവ്യസന്ധ്യയും കുട്ടികൾക്കായുള്ള പ്രവൃത്തി മേളയും മാരിടൈം എക്സിബിഷനും കാണികളെ ആകർഷിച്ചു. 2022 മുതലാണ് ദർബൽ സാഇ ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ സ്ഥിരം വേദിയായി മാറിയത്.
Adjust Story Font
16

