Quantcast

ഹോർമുസ് അടച്ചിടുന്നത് ഭക്ഷ്യവിപണിയെ ബാധിക്കും; യുഎന്നിൽ മുന്നറിയിപ്പുമായി ഖത്തർ

ഹോർമുസ് വഴിയുള്ള സ്വതന്ത്ര കപ്പൽസഞ്ചാരം സാധ്യമാക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    26 Aug 2026 10:43 PM IST

ഹോർമുസ് അടച്ചിടുന്നത് ഭക്ഷ്യവിപണിയെ ബാധിക്കും; യുഎന്നിൽ മുന്നറിയിപ്പുമായി ഖത്തർ
X

ദോഹ: ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടർന്നാൽ ആഗോള ഭക്ഷ്യവിപണിയെ ഗുരുതരമായി ബാധിക്കുമെന്ന് ഖത്തർ. ഐക്യരാഷ്ട്ര സഭയിലാണ് ഖത്തറിന്റെ മുന്നറിയിപ്പ്. ഹോർമുസ് വഴിയുള്ള സ്വതന്ത്ര കപ്പൽസഞ്ചാരം സാധ്യമാക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.

ആഗോള ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് യുഎൻ രക്ഷാകൗൺസിൽ സംഘടിപ്പിച്ച Food under Fire: The Security Council's Role in Mitigating Global and Local Food Crises സെഷനിൽ സംസാരിക്കവെ, യുഎന്നിലെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്മദ് അൽഥാനിയാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പു നൽകിയത്. ഹോർമുസ് തന്ത്രപ്രധാന ജലപാതയാണ്. അത് അടച്ചിടുന്നത് ആഗോള സാമ്പത്തിക സ്ഥിരതയെയും വിതരണ ശൃംഖലയെയും ഗുരുതരമായി ബാധിക്കും. ഗൾഫ് മേഖലയ്ക്ക് പുറത്തുള്ള മാനുഷിക സഹായവിതരണങ്ങൾക്കും ദോഷകരമാകും. യുഎൻ കടൽനിയമ പ്രകാരം ഇതുവഴിയുള്ള സ്വതന്ത്ര കപ്പൽ സഞ്ചാരം അവകാശമാണെന്നും ഖത്തർ ചൂണ്ടിക്കാട്ടി.

ഹോർമുസ് അടച്ചിട്ടതു മുതൽ രാസവളങ്ങളുടെ കടുത്ത ക്ഷാമമാണ് ലോകത്തുടനീളം നേരിടുന്നത്. ആഗോള രാസവള വ്യാപാരത്തിന്റെ മുപ്പത് ശതമാനത്തിലേറെയും ഈ ജലപാത വഴിയാണ് കടന്നു പോകുന്നത്. ഇത് വിപണിയെയും ബാധിച്ചു. നൈട്രജൻ വളങ്ങളുടെ വിലയിൽ എൺപത് ശതമാനത്തിലേറെ വർധനയാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. ഊർജ വിതരണം തടസ്സപ്പെട്ടതും കപ്പൽ ചരക്കുകൂലി വർധിച്ചതും ഇതിന് പുറമേയാണ്.

പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതു മുതൽ ഹോർമുസ് വഴിയുള്ള ഖത്തറിന്റെ ചരക്കുനീക്കങ്ങൾ നിലച്ചിട്ടുണ്ട്. 1982ലെ യുഎൻ കൺവൻഷൻ നിയമപ്രകാരം കടലിടുക്ക് വഴിയുള്ള സഞ്ചാരം ഉറപ്പാക്കണമെന്നാണ് യുഎന്നിൽ ഖത്തർ ആവശ്യപ്പെടുന്നത്.

TAGS :

Next Story