ഖത്തറിന്റെ ദേശീയ സുരക്ഷാ സൈനികാഭ്യാസമായ വത്വൻ 2026 ന് സമാപനം
25,000ത്തിലധികം പേർ പരിശീലനങ്ങളുടെ ഭാഗമായി

ദോഹ: ഖത്തറിന്റെ ദേശീയ സുരക്ഷാ സൈനികാഭ്യാസമായ വത്വൻ 2026 സമാപിച്ചു. എൺപത് സൈനിക, സുരക്ഷാ, സിവിൽ ഏജൻസികൾ അഭ്യാസ പ്രകടനങ്ങളിൽ പങ്കെടുത്തു. 25,000ത്തിലധികം പേർ പരിശീലനങ്ങളുടെ ഭാഗമായി. രാജ്യത്തിന്റെ വിവിധ സുരക്ഷാ, സൈനിക, സിവിൽ വിഭാഗങ്ങളുടെ ഏകോപനവും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പും വിലയിരുത്തുന്ന അഭ്യാസ പ്രകടനമാണ് വത്വൻ. ആഭ്യന്തര മന്ത്രിയും ലെഖ്‌വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ സാന്നിധ്യത്തിലായിരുന്നു സമാപന ചടങ്ങ്.
രണ്ട് ഘട്ടങ്ങളിലായിരുന്നു പരിശീലനം. ഒക്ടോബർ 25-ന് ആരംഭിച്ച ആദ്യഘട്ടത്തിൽ ടേബിൾടോപ്പ് പരിശീലനമാണ് സംഘടിപ്പിച്ചത്. രണ്ടാം ഘട്ടത്തിൽ പ്രായോഗിക പരിശീലനമായ ഫീൽഡ് അഭ്യാസം. ഇതിൽ സുരക്ഷാ വെല്ലുവിളികളും അടിയന്തര സാഹചര്യങ്ങളും അവതരിപ്പിച്ച് അവയെ നേരിടാനുള്ള മുറകൾ പരിശീലിച്ചു. ഇത്തവണത്തെ സൈനികാഭ്യാസങ്ങളിൽ ഫ്രാൻസ് അതിഥി രാഷ്ട്രമായി പങ്കെടുത്തു. ഖത്തർ സേനകൾക്കൊപ്പം ഫ്രഞ്ച് സുരക്ഷാ ഏജൻസികൾ വിവിധ ഘട്ടങ്ങളുടെ ഭാഗമാകുകയും ചെയ്തു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പ്രതിരോധ–സുരക്ഷാ സഹകരണം ശക്തമാക്കുന്നതിന്റെ കൂടി ഭാഗമാണ് ഫ്രാൻസിന്റെ പങ്കാളിത്തം.
Adjust Story Font
16

