Quantcast

നഴ്സുമാരെ അപമാനിച്ച് മലയാളം മിഷന്‍ ഖത്തര്‍ കോഓഡിനേറ്റര്‍ ദുര്‍ഗാദാസ്; വിദ്വേഷ പരാമര്‍ശത്തിനെതിരെ ഗള്‍ഫ് മലയാളികള്‍

മലയാളം മിഷനില്‍ ദുര്‍ഗാദാസിനെ പോലുള്ളവര്‍ എങ്ങനെ കടന്നുകൂടിയെന്ന് പരിശോധിക്കണമെന്ന് ഖത്തര്‍ ഇന്‍കാസ്

MediaOne Logo

Web Desk

  • Published:

    5 May 2022 3:10 AM GMT

നഴ്സുമാരെ അപമാനിച്ച് മലയാളം മിഷന്‍ ഖത്തര്‍ കോഓഡിനേറ്റര്‍ ദുര്‍ഗാദാസ്; വിദ്വേഷ പരാമര്‍ശത്തിനെതിരെ ഗള്‍ഫ് മലയാളികള്‍
X

ദോഹ: മലയാളം മിഷന്‍ ഖത്തര്‍ കോഓഡിനേറ്റര്‍ ദുര്‍ഗാദാസിന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം. പ്രസ്താവന നഴ്സുമാരെ അപമാനിക്കുന്നതാണെന്ന് ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാരുടെ സംഘടനയായ യൂണിക് പറഞ്ഞു. മലയാളം മിഷനില്‍ ദുര്‍ഗാദാസിനെ പോലുള്ളവര്‍ എങ്ങനെ കടന്നുകൂടിയെന്ന് പരിശോധിക്കണമെന്ന് ഖത്തര്‍ ഇന്‍കാസ് ആവശ്യപ്പെട്ടു.

ആതുര സേവന രംഗത്ത് സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ നഴ്സുമാരെ അപമാനിക്കുന്നതാണ് മലയാളം മിഷന്‍ കോഓഡിനേറ്ററുടെ പ്രസ്താവന. ഐബിപിസിക്കും മുഖ്യമന്ത്രിക്കും യൂണിക് പരാതി നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള വര്‍ഗീയ പരാമര്‍ശങ്ങള്‍ നഴ്സിങ് സമൂഹം ഒറ്റക്കെട്ടായി നേരിടുമെന്നും യൂണിക് പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങളില്‍ ഇങ്ങനെയുള്ളവര്‍ എങ്ങനെ കടന്നുകൂടുന്നു എന്നത് പരിശോധിക്കണമെന്ന് ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു

ദുര്‍ഗാദാസിനെ ഉടന്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ഐഎംസിസി ആവശ്യപ്പെട്ടു. ഡിജിപിക്കും പ്രവാസികാര്യ, സാംസ്കാരിക വകുപ്പ് മന്ത്രിമാര്‍ക്കും പരാതി നല്‍കിയതായും ഐഎംസിസി അറിയിച്ചു. പ്രവാസി സമൂഹത്തിനിടയിൽ വംശീയ കുപ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് യൂത്ത് ഫോറം ഖത്തര്‍ ആവശ്യപ്പെട്ടു.

പി.സി ജോര്‍ജ് വര്‍ഗീയ പരാമര്‍ശം നടത്തിയ അനന്തപുരി ഹിന്ദു മഹാസമ്മേളന വേദിയില്‍ തന്നെയാണ് മലയാളം മിഷന്‍ ഖത്തര്‍ കോഓഡിനേറ്റര്‍ ദുര്‍ഗാദാസും വിഷം തുപ്പിയത്- "ഗള്‍ഫ് നഗരത്തിലാണ് ഇന്ത്യയേക്കാള്‍ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നത്. നമുക്ക് അവിടെ ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. ഞാന്‍ ഗള്‍ഫ് നാട്ടില്‍ നിന്നാണ് വരുന്നത്. നഴ്സ് റിക്രൂട്ടിങ് എന്ന പേരില്‍ തീവ്രവാദികളുടെ ലൈംഗികസേവയ്ക്ക് കൊണ്ടുപോകുന്നുവെന്ന് അറിയാന്‍ കഴിഞ്ഞു. അതിനെ തടയാന്‍ നടപടിയോ മറ്റോ ഇവിടെ നിന്ന് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ" എന്നാണ് ദുര്‍ഗാദാസ് പറഞ്ഞത്.

കേരള സാംസ്കാരിക വകുപ്പിന് കീഴിലുള്ള സംഘടനയാണ് മലയാളം മിഷന്‍. കവി മുരുകന്‍ കാട്ടാക്കട ഡയറക്ടറായ മലയാളം മിഷന്റെ ഖത്തര്‍ ചുമതലയില്‍ സംഘപരിവാര്‍ ബന്ധമുള്ളയാളെ നിയമിച്ചത് നേരത്തെ തന്നെ വിവാദമായിരുന്നു, ഇതിനിടയിലാണ് ഇയാള്‍ ഗുരുതരമായ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ആരുടെ താല്‍പര്യപ്രകാരമാണ് ദുര്‍ഗാദാസിനെ മലയാളം മിഷനില്‍ തുടരാന്‍ അനുവദിക്കുന്നതെന്ന ചോദ്യമാണ് ഗള്‍ഫ് മലയാളികള്‍ ഉയര്‍ത്തുന്നത്.

TAGS :

Next Story