ഖത്തർ മലയാളികളുടെ പ്രിയപ്പെട്ട ഈസക്കാക്ക് വിട
ഒരായുസ്സ് മുഴുവൻ കെ. മുഹമ്മദ് ഈസ ജീവിച്ചു തീർത്ത ഖത്തറിൽ തന്നെയാണ് അന്ത്യവിശ്രമവും

ദോഹ: ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും കലാ-കായിക-സാമൂഹിക പ്രവർത്തന മേഖലയിലെ നിറ സാന്നിധ്യവുമായ കെ. മുഹമ്മദ് ഈസയെന്ന ഈസക്കാക്ക് വിട നൽകി ഖത്തർ മലയാളികൾ. ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലായിരുന്നു മരണം. 70 വയസായിരുന്നു.
മലപ്പുറം വളാഞ്ചേരി മൂടാൽ സ്വദേശിയായ കെ. മുഹമ്മദ് ഈസ 1976ൽ 19 ാം വയസിലാണ് ഖത്തറിലേക്ക് കപ്പൽ കയറുന്നത്. സ്വപ്രയത്‌നം കൊണ്ട് ബിസിനസിൽ ചുവടുറപ്പിച്ചു. ഒപ്പം കലാ, കായിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങളിലും ഇടംപിടിച്ചു. ഖത്തർ മലയാളികളുടെ പ്രിയപ്പെട്ട ഈസക്കയായി മാറി.
കഴിഞ്ഞ അരനൂറ്റാണ്ട് കൊണ്ട് ഈസക്കയുടെ വ്യക്തിമുദ്ര പതിയാത്ത മേഖലകളില്ല. അലി ഇന്റർനാഷണൽ ഗ്രൂപ്പ് ജനറൽ മാനേജർ എന്നതിനേക്കാൾ ഈസക്കയെന്ന സാമൂഹ്യ പ്രവർത്തകനെയും ഫുട്‌ബോൾ സംഘാടകനെയും മാപ്പിളപ്പാട്ട് ആസ്വാദകനെയും ജീവകാരുണ്യ പ്രവർത്തകനെയുമാണ് പ്രവാസികൾക്ക് മനസിൽ ഓടിയെത്തുക.
ദീർഘകാലം ഖത്തറിലെ പ്രമുഖ പ്രവാസി കായിക സംഘടനയായ ഖിഫിന്റെ അമരക്കാരൻ ആയിരുന്നു. ഖിഫ് ടൂർണമെന്റുകൾ വഴി പ്രവാസികളുടെ ഫുട്‌ബോൾ ആവേശം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അതിൽ നിന്നുള്ള വരുമാനം നാട്ടിൽ ഏറ്റവും അർഹരിലേക്ക് എത്തിക്കാനും ശ്രദ്ധ ചെലുത്തി.
മാപ്പിളപ്പാട്ടു കലാകാരന്മാർക്ക് വേദികൾ ഒരുക്കി പ്രോത്സാഹിപ്പിച്ചു. ഒപ്പം നല്ല ഗായകൻ കൂടിയായിരുന്നു അദ്ദേഹം. തിരുവനന്തപുരം സിഎച്ച് സെന്റർ വൈസ് പ്രസിഡണ്ടും പെരിന്തൽമണ്ണ സിഎച്ച് സെന്റർ ട്രഷറർ, ചൂലൂർ സിഎച്ച് സെന്റർ വൈസ് ചെയർമാൻ തുടങ്ങിയ നിരവധി ജീവകാരുണ്യ സ്ഥാപനങ്ങളുടെ പ്രധാന ഭാരവാഹിത്വം വഹിച്ചു വരികയായിരുന്നു.
കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ആയിരുന്ന അദ്ദേഹം നിലവിൽ സംസ്ഥാന കമ്മിറ്റി സീനിയർ വൈസ് പ്രസിഡൻറാണ്. മീഡിയവണുമായും ഹൃദയബന്ധം സൂക്ഷിച്ചു അദ്ദേഹം. ഖത്തറിൽ മീഡിയവൺ നടത്തിയ പതിനാലാം രാവ് പരിപാടിയുടെ ചെയർമാൻ ആയിരുന്നു. മീഡിയവൺ-ഖിഫ് ഫുട്‌ബോൾ ടൂർണമെന്റ് കാലത്തും ഏറ്റവും ഒടുവിൽ ടൂർണമെന്റിന്റെ ഭാഗമായി നടന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിലുമെല്ലാം ഈസക്ക സജീവമായിരുന്നു. ഒരായുസ്സ് മുഴുവൻ അദ്ദേഹം ജീവിച്ചു തീർത്ത ഖത്തറിൽ തന്നെയാണ് അന്ത്യവിശ്രമവും. രാത്രി അബൂഹമൂർ ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.
Adjust Story Font
16

