Quantcast

സമുദ്രാതിർത്തി; കുവൈത്തിന് പിന്തുണയുമായി ഖത്തർ

MediaOne Logo

Web Desk

  • Published:

    23 Feb 2026 10:47 PM IST

സമുദ്രാതിർത്തി; കുവൈത്തിന് പിന്തുണയുമായി ഖത്തർ
X

ദോഹ: സമുദ്രാതിർത്തിയിൽ ഇറാഖ് ഉന്നയിച്ച അവകാശവാദത്തിൽ, കുവൈത്തിന് പിന്തുണ പ്രഖ്യാപിച്ച് ഖത്തർ. മേഖലയിൽ കുവൈത്തിന്റെ പരമാധികാരത്തെ ഇറാഖ് മാനിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. യുഎൻ ചട്ടങ്ങൾ പ്രകാരം പ്രശ്‌നം പരിഹരിക്കണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.

സമുദ്രാതിർത്തി സംബന്ധിച്ച് ഇറാഖ് ഈയിടെ ഐക്യരാഷ്ട്ര സഭയിൽ സമർപ്പിച്ച പരിഷ്‌കരിച്ച ഭൂപടം, നാവികപ്പട്ടിക എന്നിവയുമായി ബന്ധപ്പെട്ടാണ് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. കുവൈത്തിന്റെ സമുദ്രാതിർത്തികൾക്കും, ഫഷ്ത് അൽ-ഖൈദ്, ഫഷ്ത് അൽ-ഐജ് എന്നിവയുൾപ്പെടെ സമുദ്രോപരിതല ഭാഗങ്ങൾക്കും മേലുള്ള കുവൈത്തിന്റെ പരമാധികാരത്തെ ഇറാഖ് ലംഘിച്ചതായി ഖത്തർ ചൂണ്ടിക്കാട്ടി.

സമുദ്രമേഖലകളിലും അവിടങ്ങളിലെ ഭൂപ്രകൃതിയിലുമുള്ള കുവൈത്തിന്റെ പരമാധികാരത്തിന് പിന്തുണ നൽകുന്നു. ഇക്കാര്യത്തിൽ 1982ലെ യുഎൻ സമുദ്ര നിയമ ഉടമ്പടി പ്രകാരം പരിഹാരം കണ്ടെത്തണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

കുവൈത്ത് അധിനിവേശത്തിന് ശേഷം, 1993ൽ യുഎൻ നിശ്ചയിച്ചതു പ്രകാരം 216 കിലോമീറ്റർ അതിർത്തിയാണ് ഇറാഖും കുവൈത്തും പങ്കിടുന്നത്. എന്നാൽ സമുദ്രാതിർത്തി നിശ്ചയിക്കാനുള്ള തീരുമാനം ഇരുരാജ്യങ്ങൾക്കും വിട്ടുകൊടുത്തു. ഇതുപ്രകാരം 2012ൽ രാജ്യങ്ങൾ ഇക്കാര്യത്തിൽ കരാറിലെത്തിയിരുന്നു. ഇതിൽ രണ്ടു രാജ്യങ്ങളും പങ്കിടുന്ന പേർഷ്യൻ കടലിലെ ഖോർ അബ്ദുല്ല വാട്ടർ വേയുമായി ബന്ധപ്പെട്ട തീരുമാനം ഇറാഖ് സുപ്രിം കോടതി അസാധുവാക്കിയതോടെയാണ് പുതിയ പ്രശ്‌നങ്ങൾക്ക് തുടക്കമാകുന്നത്.

TAGS :

Next Story