മാർത്തോമ കോളേജ് അലുംനി ഖത്തർ ചാപ്റ്റർ വാർഷികാഘോഷം സംഘടിപ്പിച്ചു

ദോഹ: മാർത്തോമ കോളേജ് അലുംനി (MTCA) ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഉജ്ജ്വലമായ വാർഷികാഘോഷം സിഗ്‌നേച്ചർ റെസ്റ്റോറന്റിൽ വെച്ച് നടത്തപ്പെട്ടു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരുമിച്ചുകൂട്ടി നടത്തിയ പരിപാടി MTCA ഖത്തർ ചാപ്റ്ററിന്റെ ഐക്യവും സൗഹൃദവും വിളിച്ചോതുന്നതായിരുന്നു.
നിശബ്ദ പ്രാർത്ഥനയോടെ ആരംഭിച്ച ബിസിനസ് മീറ്റിംഗിൽ MTCA ഖത്തർ ചാപ്റ്റർ പ്രസിഡന്റ് അനീഷ് ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിഷ ജേക്കബ് വാർഷിക റിപ്പോർട്ടും ട്രഷറർ ജേക്കബ് എം മാത്യു ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകളും അവതരിപ്പിച്ചു.
തുടർന്ന് നടന്ന വാർഷിക പൊതുയോഗത്തിൽ അലുംനി വൈസ് പ്രസിഡന്റ് ഷീല സണ്ണി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അനീഷ് ജോർജ് മാത്യു സംഘടനയുടെ വളർച്ചയും സാമൂഹിക പങ്കാളിത്തവും വിശദീകരിക്കുന്ന അധ്യക്ഷ പ്രസംഗം നടത്തി. ഗിരിൻ വർഗീസ് ജോർജിന്റെ ഗാനവും ഷിജിൻ സൈമണും ഷീൻ സൈമണും ചേർന്നവതരിപ്പിച്ച ഡ്യൂയറ്റ് ഗാനവും യോഗത്തിന് സംഗീതാത്മകമായ ചാരുത പകർന്നു.
വാർഷിക മീറ്റിംഗിലെ മുഖ്യാതിഥിയായിരുന്ന QFM 98.6 റേഡിയോ മാനേജർ നൗഫൽ അബ്ദുറഹ്‌മാൻ അലുംനി സമൂഹത്തിന്റെ ഐക്യബോധത്തെ പ്രശംസിച്ചുകൊണ്ട് പ്രഭാഷണം നടത്തി. അലുംനി പേട്രൺ രാജു മാത്യുവും മുൻ പേട്രൺ ജോർജ് മാത്യുവും ആശംസാ പ്രസംഗങ്ങൾ നടത്തി. 'ഡൗൺ ദ മെമ്മറി ലെയ്ൻ' എന്ന ശീർഷകത്തിൽ പ്രദർശിപ്പിച്ച വീഡിയോ പഴയ ഓർമ്മകളെയും സൗഹൃദങ്ങളെയും ഒരിക്കൽക്കൂടി സജീവമാക്കി.
പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായി, 'പാരമ്പര്യത്തിനും ദീർഘകാല ബന്ധങ്ങൾക്കും ആദരവ്' എന്ന ചടങ്ങിന്റെ ഭാഗമായി 60 വയസ്സും അതിൽ കൂടുതലുമുള്ള അലുംനി അംഗങ്ങളെയും 25 വർഷത്തിലധികം ദാമ്പത്യജീവിതം ആഘോഷിക്കുന്ന ദമ്പതികളെയും ആദരിച്ചു.
സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി അലുംനി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് ജൂനിയർ ഡാൻസ്, ഫോക് സോങ്, സീനിയർ ഡാൻസ് എന്നിവ അവതരിപ്പിച്ചു. കൾച്ചറൽ സെക്രട്ടറി സിബു എബ്രഹാമിന്റെ നന്ദിപ്രസംഗത്തോടുകൂടി മീറ്റിംഗ് പരിവസാനിച്ചു.
Adjust Story Font
16

