Quantcast

ഖത്തറിലെ ഭക്ഷണശാലകളിലും റീട്ടെയില്‍ ഷോപ്പുകളിലും നടത്തിയ പരിശോധനയില്‍ 1500ലധികം നിയമലംഘനങ്ങള്‍ കണ്ടെത്തി

കോര്‍ണിഷിലെ ഫിഷ് മാര്‍ക്കറ്റില്‍ മാത്രം മന്ത്രാലയത്തിന്റെ മൃഗഡോക്ടര്‍മാര്‍ ഏകദേശം 351 ടണ്‍ മത്സ്യം പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    29 Dec 2021 3:40 PM GMT

ഖത്തറിലെ ഭക്ഷണശാലകളിലും റീട്ടെയില്‍ ഷോപ്പുകളിലും നടത്തിയ പരിശോധനയില്‍ 1500ലധികം നിയമലംഘനങ്ങള്‍ കണ്ടെത്തി
X

ദോഹ: ഖത്തര്‍ ആരോഗ്യ-ഭക്ഷ്യ സുരക്ഷാ വിഭാഗം ഭക്ഷണശാലകളിലും റീട്ടെയില്‍ ഷോപ്പുകളിലുമായി വ്യാപകമായി നടത്തിയ സുരക്ഷാ പരിശോധനയില്‍, 1500ല്‍ അധികം നിയമലംഘനങ്ങള്‍ കണ്ടെത്തി.ദോഹയിലെയും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേയും ബിസിനസ് സ്ഥാപനങ്ങളിലാണ് ഭൂരിഭാഗം പരിശോധനകളും നടന്നത്. 1990ലെ 8ാം നമ്പര്‍ നിയമപ്രകാരമാണ് എല്ലാ നിയമലംഘനങ്ങളും രേഖപ്പെടുത്തിയിട്ടുള്ളത്.

കണ്ടെത്തിയ 1,520 നിയമലംഘനങ്ങളില്‍ 1,398 എണ്ണവും അനുരഞ്ജനത്തിലൂടെ പരിഹരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. പരിശോധനയില്‍ 1,763 ഭക്ഷ്യസാമ്പിളുകള്‍ പരിശോധനയ്ക്കായി ലബോറട്ടറികളിലേക്കയച്ച് ഭക്ഷണസാധനങ്ങളുടെ സുരക്ഷയും നിശ്ചിത ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തി. ഇതുമായി ബന്ധപ്പെട്ട 785 പരാതികള്‍ പരിഹരിച്ചതായി അധികൃതര്‍ പറഞ്ഞു.

വ്യാപക പരിശോധനകള്‍ക്ക് പുറമെ 2,763 ഔട്ട്ലെറ്റുകളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യസുരക്ഷാ ബോധവത്കരണ ക്ലാസുകളും നടത്തി. ഫുഡ് ഫെസ്റ്റിവലുകളും കായിക ടൂര്‍ണമെന്റുകളുമുള്‍പ്പെടെയുള്ള പ്രധാന പരിപാടികളില്‍ ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനായി വളരെയധികം പരിശ്രമിച്ചിട്ടുണ്ടെന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചു.

കോര്‍ണിഷിലെ ഫിഷ് മാര്‍ക്കറ്റില്‍ മാത്രം മന്ത്രാലയത്തിന്റെ മൃഗഡോക്ടര്‍മാര്‍ ഏകദേശം 351 ടണ്‍ മത്സ്യം പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതില്‍ ഉപയോഗശൂന്യമായ 730 കിലോഗ്രാം മത്സ്യം നശിപ്പിക്കുകയും ചെയ്തു.

TAGS :

Next Story