Quantcast

ആണവകരാർ; ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുന്നു

അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെ കുറിച്ച് വിശകലനം ചെയ്ത ശേഷം ഇറാന്‍ അടുത്തയാഴ്ച നിലപാട് അറിയിക്കും

MediaOne Logo

Web Desk

  • Published:

    28 Aug 2022 11:03 PM IST

ആണവകരാർ; ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുന്നു
X

ദോഹ: ആണവ കരാര്‍ പുനസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുന്നു. ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ഇന്നലെ ഇറാന്‍ നയതന്ത്രജ്ഞന്‍ അലി ബഗേരിയുമായി ചര്‍ച്ച നടത്തി.മേഖലയുടെ സുസ്ഥിരതയ്ക്ക് ആണവകരാര്‍ പുനസ്ഥാപിക്കല്‍ അനിവാര്യമാണെന്ന നിലപാടാണ് ഖത്തറിന്.

കഴിഞ്ഞ ജൂണില്‍ ദോഹയില്‍ അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികളെ ഒരുമിച്ചിരുത്തി ഖത്തര്‍ സമവായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നുള്ള ചര്‍ച്ചകളുടെ ഭാഗമായാണ് യൂറോപ്യന്‍ യൂണിയന്‍ ആണവ കരാര്‍ പുനസ്ഥാപിക്കുന്നതിനുള്ള കരട് നിര്‍ദേങ്ങള്‍ തയ്യാറാക്കിയത്. ഇതിനോട് ഇറാന്റെ പ്രതികരണം വന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് അമേരിക്ക പ്രതികരിക്കാന്‍ തയ്യാറായത്. അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെ കുറിച്ച് വിശകലനം ചെയ്ത ശേഷം ഇറാന്‍ അടുത്തയാഴ്ച നിലപാട് അറിയിക്കും.

അന്തിമഘട്ടത്തിലെ കല്ലുകടികള്‍ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഖത്തര്‍. അതിന്റെ ഭാഗമായി ഖത്തര്‍ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുലസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫി ആണവ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന ഇറാന്‍ നയതന്ത്രജ്ഞന്‍ അലിബഗേരിയുമായി ചര്‍ച്ച നടത്തി. ആണകരാര്‍ ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ കോര്‍ഡിനേറ്ററുമായും അദ്ദേഹം സംസാരിച്ചു. വ്യാഴാഴ്ച ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ഇറാന്‍ വിദേശകാര്യമന്ത്രിയെ ഫോണില്‍ വിളിച്ചിരുന്നു. അതേ സമയം ഖത്തറുമായി നടത്തിയ ചര്‍ച്ചകളെ കുറിച്ച് ഇറാന്‍ പ്രതികരിച്ചിട്ടില്ല.

TAGS :

Next Story