കൗമാര ലോകകപ്പിന് ഇനി നൂറു നാൾ
ചരിത്രത്തിലാദ്യമായി 48 ടീമുകളാണ് ഇത്തവണത്തെ ടൂർണമെന്റിൽ പങ്കെടുക്കുന്നത്

ദോഹ: കാല്പന്തിന്റെ കൗമാര മഹാമേളയ്ക്ക് അരങ്ങുണരാൻ ഇനി നൂറു നാൾ. നവംബർ മൂന്നു മുതലാണ് അണ്ടർ 17 ലോകകപ്പിന് തുടക്കമാകുക. മേളയെ ഉത്സവാന്തരീക്ഷത്തിൽ വരവേൽക്കാൻ ഒരുങ്ങുകയാണ് ഖത്തർ.
നവംബർ 3 മുതൽ 27 വരെയാണ് ഫുട്ബോളിലെ യുവരക്തങ്ങൾ ഖത്തറിൽ കൊമ്പുകോർക്കുന്നത്. ചരിത്രത്തിലാദ്യമായി 48 ടീമുകളാണ് ഇത്തവണത്തെ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഫൈനൽ ഒഴികെയുള്ള എല്ലാ മത്സരങ്ങളും ആസ്പയർ സോണിലാണ് നടക്കുക. കലാശപ്പോരിന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം വേദിയാകും. 2029ലും ഖത്തർ തന്നെയാണ് അണ്ടർ 17 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
എട്ട് പിച്ചുകളിലായി ആകെ 104 മത്സരങ്ങളാണ് നടക്കുക. ഗ്രൂപ് ഘട്ടത്തിൽ ഒരു ദിവസം എട്ട് മത്സരങ്ങൾ വീതമുണ്ടാകും. ഇറ്റലി, ദക്ഷിണാഫ്രിക്ക, ബൊളീവിയ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് ആതിഥേയരായ ഖത്തർ ഇടം പിടിച്ചിരിക്കുന്നത്. നവംബർ മൂന്നിന് ഇറ്റലിക്കെതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം. ആസ്പയർ സോണിൽ സജ്ജീകരിക്കുന്ന ഫാൻ സോണിൽ നിരവധി സാംസ്കാരിക പരിപാടികളും അരങ്ങേറും. ലോകകപ്പിന്റെ വിജയകരമായ നടത്തിപ്പിന് ശേഷമാണ് പന്തുകളിയുടെ കൗമാരമേളയും ഖത്തറിലെത്തുന്നത്.
Adjust Story Font
16

