പത്തു ലക്ഷത്തിലേറെ കാണികൾ; ഫിഫ അറബ് കപ്പ് ഹൗസ് ഫുൾ
അറബ് കപ്പിന്റെ ചരിത്രത്തിൽ ഒരു മത്സരത്തിനെത്തുന്ന റെക്കോർഡ് ജനക്കൂട്ടമാണിത്

ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ അറബ് കപ്പ് ആസ്വദിക്കാനെത്തിയത് റെക്കോർഡ് ആരാധകർ. ക്വാർട്ടർ ഫൈനൽ വരെ പത്തു ലക്ഷത്തിലേറെ കാണികളാണ് മത്സരങ്ങൾ കാണാനായി സ്റ്റേഡിയങ്ങളിലെത്തിയത്. സെമി ഫൈനൽ, ഫൈനൽ പോരാട്ടങ്ങളിൽ സ്റ്റേഡിയം നിറയുമെന്നാണ് പ്രതീക്ഷ.
ഗ്രൂപ്പ് ഘട്ടത്തിലെയും ക്വാർട്ടർ ഫൈനലിലെയും പോരാട്ടങ്ങൾ കാണാനാണ് ഒരു ദശലക്ഷത്തിലേറെ കാണികൾ വിവിധ സ്റ്റേഡിയങ്ങളിലേക്ക് ഒഴുകിയെത്തിയത്. ഏറ്റവും കൂടുതൽ കാണികളെത്തിയത് മൊറോക്കോയും സൗദിയും തമ്മിലുള്ള മത്സരത്തിനാണ്. ലുസൈൽ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരം വീക്ഷിക്കാനെത്തിയത് 78,131 പേർ. അറബ് കപ്പിന്റെ ചരിത്രത്തിൽ ഒരു മത്സരത്തിനെത്തുന്ന റെക്കോർഡ് ജനക്കൂട്ടമാണിത്. സൗദിയും ഫലസ്തീനും തമ്മിലുള്ള ക്വാർട്ടർ പോരാട്ടം കാണാൻ 77,197 ആരാധകരെത്തി.
അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളും സംഘാടനവും കാണികൾക്ക് മത്സരങ്ങൾ സുഗമമായി വീക്ഷിക്കാൻ സഹായകരമായി. ലോകകപ്പിനായി ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനും സംഘാടകർക്കായി.
ടൂർണമെന്റിൽ ഇന്നും നാളെയും അവധി ദിവസങ്ങളാണ്. തിങ്കളാഴ്ചയാണ് സെമി പോരാട്ടങ്ങൾ. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന ആദ്യ സെമിയിൽ മൊറോക്കോ യുഎഇയെ നേരിടും. സൗദിയും ജോർദാനും തമ്മിലാണ് രണ്ടാം സെമി. അൽ ഖോറിലെ അൽ ബെയ്തിലാണ് മത്സരം. ഡിസംബർ പതിനെട്ടിന് ലുസൈൽ സ്റ്റേഡിയത്തിലാണ് കലാശപ്പോര്.
Adjust Story Font
16

