സമയനിഷ്ഠയിൽ വീണ്ടും കയ്യടി നേടി ഖത്തർ എയർവേസ്; പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ചു
2 ലക്ഷത്തിലേറെ വിമാനങ്ങളാണ് പരിശോധനയുടെ ഭാഗമായി പരിഗണിച്ചത്

ദോഹ: സമയനിഷ്ഠയിൽ വീണ്ടും കയ്യടി നേടി ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേസ്. കൃത്യനിഷ്ഠ പാലിക്കുന്ന വിമാനക്കമ്പനികളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഖത്തർ എയർവേസ് ഇടംപിടിച്ചു. നിശ്ചയിച്ച സമയത്തു തന്നെ ടേക്ക് ഓഫ് ചെയ്ത്, കൃത്യ സമയത്ത് പറന്നിറങ്ങിയാണ് ഖത്തർ എയർവേസ് യാത്രക്കാരുടെ കയ്യടി നേടിയത്. ലോകത്ത് ഏറ്റവും കൃത്യനിഷ്ഠത പാലിക്കുന്ന എയർലൈൻസുകളുടെ പട്ടിക തയാറാക്കിയ സിറിയം റിപ്പോർട്ടിൽ അഞ്ചാമതാണ് സ്ഥാനം. ട്രാക്ക് ചെയ്ത 99.72 ശതമാനം വിമാനങ്ങളിൽ 82.83 ശതമാനമാണ് ഓൺ ടൈം അറൈവൽ. ഷെഡ്യൂൾ ചെയ്ത സമയത്തിന്റെ 15 മിനിറ്റിനുള്ളിൽ എത്തിച്ചേരുന്നതാണ് ഓൺടൈം അറൈവലായി വ്യോമയാന വിശകലനത്തിൽ കണക്കാക്കുന്നത്.
രണ്ടു ലക്ഷത്തിലേറെ വിമാനങ്ങളാണ് പരിശോധനയുടെ ഭാഗമായി പരിഗണിച്ചത്. ഇവയിൽ സർവിസ് പൂർത്തിയാക്കിയതിന്റെ കണക്കിലും ഖത്തർ എയർവേസ് മുന്നിൽ തന്നെയാണ്. 99.72 ശതമാനം സർവിസുകളും സമയനിഷ്ഠയോടെ ലക്ഷ്യത്തിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. മെക്‌സികൻ എയർലൈൻ കമ്പനിയായ എയറോ മെക്‌സികോയാണ് ലോകത്ത് സമയനിഷ്ഠയിൽ ഒന്നാം സ്ഥാനത്ത്. സൗദിയ എയർലൈൻസ് രണ്ടാമതും, ജോർജിയയിലെ ഡെൽറ്റ എയർലൈൻസ് മൂന്നും സ്ഥാനങ്ങളിലുണ്ട്. സിറിയം ഓൺടൈം വിമാനത്താവളങ്ങളുടെ പട്ടികയിലും ഖത്തർ എയർവേസിന്റെ ആസ്ഥാനമായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഇടംനേടി. വിമാനങ്ങളുടെ പുറപ്പെടലിലും ലാൻഡിങ്ങിലും സമയനിഷ്ഠ പാലിച്ചുകൊണ്ട് പത്താം സ്ഥാനമാണ് ഹമദ് സ്വന്തമാക്കിയത്.
Adjust Story Font
16

