ഊർജ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താൻ ഖത്തറും സൗദിയും
നിയമനടപടികൾ പൂർത്തിയാകുന്നതോടെയാണ് കരാർ പ്രാബല്യത്തിലാകുക

റിയാദ്: ഊർജ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താൻ ഖത്തറും സൗദിയും ധാരണയിലെത്തി. റിയാദിൽ നടന്ന അന്താരാഷ്ട്ര ഊർജ ഫോറത്തിൽ ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഇരുരാഷ്ട്രങ്ങളും ഒപ്പുവച്ചു. നിയമനടപടികൾ പൂർത്തിയാകുന്നതോടെയാണ് കരാർ പ്രാബല്യത്തിലാകുക.
പശ്ചിമേഷ്യയിലെ ഊർജവിതരണവുമായി ബന്ധപ്പെട്ട് വലിയ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മേഖലയിലെ പ്രധാന ഇന്ധനോൽപ്പാദക രാജ്യങ്ങളായ ഖത്തറും സൗദിയും സഹകരണം ശക്തിപ്പെടുത്തുന്നത്. എണ്ണ, വാതകം, അനുബന്ധ ഉത്പന്നങ്ങൾ, പുനരുപയോഗ ഊർജം, ഊർജ ഉത്പാദനക്ഷമത, ഊർജ സംഭരണം, കാർബൺ ബഹിർഗമനം കുറയ്ക്കൽ എന്നീ മേഖലകളിൽ ഇരുരാഷ്ട്രങ്ങളും പങ്കാളിത്തം വർധിപ്പിക്കും. ഇതിനായി വൈകാതെ സംയുക്ത ചട്ടക്കൂട് തയ്യാറാക്കും.
ഖത്തർ ഊർജവകുപ്പു സഹമന്ത്രി സഅദ് ശരീദ അൽ കഅബി, സൗദി ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ അൽ സൗദ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. പ്രത്യേക പദ്ധതികൾക്കുള്ള നിക്ഷേപ പ്രഖ്യാപനമല്ല നിലവിലെ കരാർ. സഹകരണം ലക്ഷ്യമിട്ടുള്ള ധാരണാപത്രമാണ്. റിഫൈനിങ്, പെട്രോകെമിക്കൽസ്, ഊർജസംഭരണം തുടങ്ങിയ മേഖലകളിൽ സംയുക്ത പദ്ധതികൾക്കും നിക്ഷേപങ്ങൾക്കും കരാർ വഴി തുറന്നേക്കും. ഇന്ധനം കൊണ്ടുപോകാനും കയറ്റുമതി ചെയ്യാനും സംയുക്ത പൈപ്പ്‌ലൈൻ പദ്ധതികൾക്കുള്ള സാധ്യതകളും രാജ്യങ്ങൾ പരിശോധിക്കും.
Adjust Story Font
16

