Quantcast

കളിയാരവത്തിൽ ഖത്തർ, കായിക ദിനം ആഘോഷിച്ചു

കായിക ദിനത്തിന്റെ പതിനഞ്ചാം പതിപ്പായിരുന്നു ഇത്തവണത്തേത്

MediaOne Logo

Web Desk

  • Published:

    10 Feb 2026 8:33 PM IST

കളിയാരവത്തിൽ ഖത്തർ, കായിക ദിനം ആഘോഷിച്ചു
X

ദോഹ: ഖത്തർ ദേശീയ കായിക ദിനാഘോഷത്തിൽ പങ്കെടുത്ത് പതിനായിരങ്ങൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ആഘോഷ പരിപാടികളിൽ ഖത്തർ അമീർ അടക്കമുള്ളവർ പങ്കെടുത്തു. കായിക ദിനത്തിന്റെ പതിനഞ്ചാം പതിപ്പായിരുന്നു ഇത്തവണത്തേത്.

പുലർച്ചെ അഞ്ചു മുതൽ തന്നെ സ്വദേശികളും പ്രവാസികളും അടക്കം നിരവധി പേരാണ് കായികാഭ്യാസങ്ങളുടെ ഭാഗമാകാൻ വിവിധയിടങ്ങളിൽ ഒത്തുകൂടിയത്. ദോഹ ഗോൾഫ് ക്ലബിലെ ആഘോഷങ്ങളിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി പങ്കെടുത്തു. നിശ്ചയദാർഢ്യ വിഭാഗക്കാർക്കായി ഖത്തർ സ്പോർട്സ് ഫെഡറേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനിയും ഭാഗഭാക്കായി.

'ഐ ചോസ് സ്പോർട്സ് - ഞാൻ സ്പോർട്സിനെ തെരഞ്ഞെടുത്തു'എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ പരിപാടികൾ. ആസ്പയർ സോൺ, 974 സ്റ്റേഡിയം, എജുക്കേഷൻ സിറ്റി, ലുസൈൽ ബൊളിവാർഡ്, മിശൈരിബ് ഡൗൺ ടൗൺ, ഓൾഡ് ദോഹ പോർട്ട്, ദ പേൾ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ആഘോഷങ്ങൾ.

ആഘോഷങ്ങളുടെ ഭാഗമായി ലുസൈൽ ബൊളെവാർഡിൽ ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാഫ് മാരത്തൺ അരങ്ങേറി. നൂറിലേറെ രാജ്യങ്ങളിൽനിന്നുള്ള അത് ലറ്റുകൾ പങ്കെടുത്തു. വിവിധ സ്ഥാപനങ്ങളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തുടനീളം ആരോഗ്യ-കായിക മത്സരങ്ങൾ നടന്നുവരുന്നുണ്ട്.

TAGS :

Next Story