Quantcast

ആരാധകരേ ഇതിലേ..ഇതിലേ; ഖത്തർ ഫുട്ബോൾ ഫെസ്റ്റിവൽ ടിക്കറ്റ് വിൽപന നാളെ മുതൽ

മാർച്ച് 26നാണ് ടൂർണമെന്റിന്റെ കിക്കോഫ്

MediaOne Logo

Web Desk

  • Published:

    24 Feb 2026 9:20 PM IST

Qatar Football Festival tickets go on sale tomorrow
X

ദോഹ: ഫുട്ബോൾ ആവേശത്തിലേക്ക് വീണ്ടും ഖത്തർ. അർജന്റീന, സ്പെയിൻ അടക്കമുള്ള ടീമുകൾ അങ്കത്തിനിറങ്ങുന്ന ഖത്തർ ഫുട്ബോൾ ഫെസ്റ്റിവലിന്റെ ടിക്കറ്റ് വില്പന നാളെ ആരംഭിക്കും. മാർച്ച് 26നാണ് ടൂർണമെന്റിന്റെ കിക്കോഫ്. ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫൈനലിസ്സിമ പോരാട്ടം അടക്കമുള്ള മത്സരങ്ങളുടെ ടിക്കറ്റാണ് നാളെ മുതൽ ലഭ്യമാകുക.

ഔദ്യോഗിക ടിക്കറ്റിങ് വെബ്സൈറ്റായ tickets.roadtoqatar.qa വഴി ഖത്തർ സമയം വൈകിട്ട് ഒമ്പതിന് വില്പന ആരംഭിക്കും. പ്രാദേശിക സംഘാടകരായ സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മാർച്ച് 26 മുതൽ 31 വരെ നടക്കുന്ന കാല്പന്താഘോഷത്തിൽ ആതിഥേയരായ ഖത്തർ, അർജന്റീന, സ്പെയിൻ രാഷ്ട്രങ്ങൾക്കു പുറമേ, ഈജിപ്ത്, സൗദി അറേബ്യ, സെർബിയ ടീമുകളും അണിനിരക്കും. അഹ്മദ് ബിൻ അലി, ജാസിം ബിൻ ഹമദ്, ലുസൈൽ സ്റ്റേഡിയങ്ങളാണ് പോരാട്ടങ്ങൾക്ക് വേദിയാകുക. ‌‌‌

മാർച്ച് 27ന് ലുസൈൽ സ്റ്റേഡിയത്തിലാണ് യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്പെയിനും കോപ്പ അമേരിക്ക ജേതാക്കളായ അര്‍ജന്റീനയും തമ്മിലുള്ള ഫൈനലിസ്സിമ. 2022 ലെ ലോകകപ്പ് വിജയത്തിനു ശേഷം ആദ്യമായാണ് അർജന്റീന ലുസൈൽ സ്റ്റേഡിയത്തിൽ മടങ്ങിയെത്തുന്നത്. അര്‍ജന്റീനാ നായകന്‍ ലയണല്‍ മെസ്സിയും സ്പാനിഷ് സെൻസേഷൻ ലാമിന്‍ യമാലും നേര്‍ക്കുനേര്‍ വരുന്ന ആദ്യത്തെ മത്സരം കൂടിയാണ് ഫൈനലിസ്സിമ. ആതിഥേയ കാണികൾക്കു വിരുന്നായി ടൂർണമെന്റിന്റെ അവസാന ദിനമായ മാർച്ച് 31ന് ഖത്തർ അർജന്റീനയെ നേരിടും.

TAGS :

Next Story