ഖത്തര്‍ ഇന്ത്യന്‍ എംബസി അപെക്സ് ബോഡി തെരഞ്ഞെടുപ്പ് വീണ്ടും മാറ്റിവെച്ചു
വൈകിട്ട് മൂന്ന് മുതല്‍ 9 വരെ ഡിജി പോള്‍ ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ ആയിട്ടായിരുന്നു വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്
ദോഹ: സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അപെക്സ് ബോഡി തെരഞ്ഞെടുപ്പ് വീണ്ടും മാറ്റിവെച്ചു. വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷനായ ഡിജിപോളിലെ തകരാറാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കാരണം.
ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ അപെക്സ് സംഘടനകളായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്‍റ് ഫോറം, ഇന്ത്യൻ സ്പോർട്സ് സെന്‍റര്‍ എന്നീ മൂന്ന് അപ്പെക്സ് സംഘടനകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വൈകിട്ട് മൂന്ന് മുതല്‍ 9 വരെ ഡിജി പോള്‍ ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ ആയിട്ടായിരുന്നു വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ഒ.ടി.പി ലഭിക്കാതായതോടെ മൂന്ന് മണിക്ക് വോട്ടെടുപ്പ് തുടങ്ങാനായില്ല.
പിന്നീട് വോട്ടെടുപ്പ് തുടങ്ങിയെങ്കിലും പല വോട്ടര്‍മാര്‍ക്കും വോട്ട് രേഖപ്പെടുത്താനാകുന്നില്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്നതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റി വെച്ചതായി എംബസി അറിയിച്ചത്. ഈ മാസം 17ന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നാണ് ഇന്നത്തേക്ക് നീട്ടിയത്. പുതിയ വോട്ടെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും.
Adjust Story Font
16

