ഒരുക്കങ്ങൾ തകൃതി; മുഖ്യമന്ത്രിയെ വരവേൽക്കാനൊരുങ്ങി ഖത്തർ
‘മലയാളോത്സവം 2025’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ദോഹ: മുഖ്യമന്ത്രി പിണറായി വിജയനെ വരവേൽക്കാനൊരുങ്ങി ഖത്തറിലെ പ്രവാസി സമൂഹം. ഒക്ടോബർ മുപ്പതിനാണ് മുഖ്യമന്ത്രിയുടെ ഖത്തർ സന്ദർശനം. സന്ദർശന ദിവസം രാവിലെ പ്രവാസി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
വൈകിട്ട് ആറിന് അബു ഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മലയാളോത്സവം 2025 ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ലോക കേരളസഭയുടെയും മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്ററിന്റെയും ആഭിമുഖ്യത്തിലാണ് മലയാളോത്സവം സംഘടിപ്പിക്കുന്നത്.
മലയാളോത്സവത്തിൽ പങ്കെടുക്കുന്നവർക്കായി അൽ- ഖോർ, മിസൈദ്, ഇൻഡസ്ട്രിയൽ ഏരിയ, വക്ര, ഉം സലാൽ തുടങ്ങി ഖത്തറിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. സംഘാടക സമിതി ഭാരവാഹികളായ ജയരാജ് കെ. ആർ, ഷൈനി കബീർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, പത്മശ്രീ ഡോ. എം. എ.യൂസഫ് അലി, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തുടങ്ങിയവർ സംബന്ധിക്കും. മുഖ്യമന്ത്രിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ പറഞ്ഞു. പന്ത്രണ്ടു വർഷത്തിനു ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി ഖത്തറിൽ സന്ദർശനം നടത്തുന്നത്.
Adjust Story Font
16

