പൊളിയാണ് ഖത്തർ; ഏറ്റവും മികച്ച 20 ടൂറിസ്റ്റ് ഡസ്റ്റിനേഷനിൽ ഇടം
കോൺഡേ നാസ്റ്റ് ട്രാവലർ പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു ഗൾഫ് രാജ്യം

ദോഹ: ലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര രാഷ്ട്രങ്ങളുടെ പട്ടികയിൽ ഖത്തർ. പ്രശസ്ത യാത്രാ മാഗസിനായ കോൺഡേ നാസ്റ്റ് ട്രാവലർ തയ്യാറാക്കിയ ലിസ്റ്റിലാണ് ഖത്തർ ഇടംപിടിച്ചത്. ഗ്രീസ് ആണ് പട്ടികയിൽ ഒന്നാമത്. ന്യൂയോർക്ക് ആസ്ഥാനമായ കോൺഡേ നാസ്റ്റ് ട്രാവലറിന്റെ റീഡേഴ്‌സ് ചോയ്‌സ് അവാർഡിലാണ് ഖത്തർ ഇടംപിടിച്ചത്. ആഗോളതലത്തിൽ 19ാം സ്ഥാനമാണ് ഖത്തർ സ്വന്തമാക്കിയത്. പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു ഗൾഫ് രാജ്യവുമാണ്. 18ാം സ്ഥാനത്തുള്ള ഫ്രാൻസിനും 20ാം സ്ഥാനത്തുള്ള കാനഡക്കും ഇടയിലാണ് ഖത്തർ നിലയുറപ്പിച്ചത്. സർവേയിൽ ലോകമെമ്പാടുമുള്ള എട്ട് ലക്ഷത്തോളം വായനക്കാർ പങ്കെടുത്തു. 2026 ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ രേഖപ്പെടുത്തിയ റേറ്റിങ്ങുകളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് തയാറാക്കിയത്.
98.14 പോയന്റുമായി ഗ്രീസ് പട്ടികയിലെ ആദ്യ രാഷ്ട്രം. 97.01 പോയന്റുമായി ജപ്പാൻ രണ്ടാമതും 96.48 പോയന്റുമായി ഇറ്റലി മൂന്നാമതുമെത്തി. തുർക്കി, പോർച്ചുഗൽ, കോസ്റ്റാറിക്ക, ക്രൊയേഷ്യ, ഇന്തോനേഷ്യ എന്നിവയാണ് പട്ടികയിലെ മറ്റു പ്രധാന രാജ്യങ്ങൾ.
രാജ്യങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾ, ഹോട്ടലുകൾ, നഗരങ്ങൾ, വിമാനസർവീസുകൾ, മറ്റു യാത്രാ അനുഭവങ്ങൾ എന്നിവയ്ക്കാണ് സഞ്ചാരികൾ മാർക്കിട്ടത്. ആധുനികതയും പാരമ്പര്യവും ഉൾച്ചേർന്ന യാത്രാനുഭവമാണ് ഖത്തറിലേതെന്ന് വായനക്കാർ സാക്ഷ്യപ്പെടുത്തി.
Adjust Story Font
16

