ഖത്തർ മധ്യസ്ഥത: അഫ്ഗാൻ തടവിലാക്കിയ ബ്രിട്ടീഷ് ദമ്പതികളെ മോചിപ്പിച്ചു
മെഡിക്കൽ പരിശോധനകൾക്ക് ശേഷം ദമ്പതികൾ നാളെ ലണ്ടനിലേക്ക് തിരിക്കും

ദോഹ: അഫ്ഗാൻ ഭരണകൂടത്തിന്റെ തടവിലായിരുന്ന ബ്രിട്ടീഷ് ദമ്പതികൾക്ക് ഖത്തറിന്റെ മധ്യസ്ഥതയിൽ മോചനം. ഇവർ ഇന്ന് വൈകിട്ട് ദോഹയിലെത്തി. മെഡിക്കൽ പരിശോധനകൾക്ക് ശേഷം ദമ്പതികൾ നാളെ ലണ്ടനിലേക്ക് തിരിക്കും. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ തടവിലായിരുന്ന പീറ്റർ റെയ്‌നോൾഡ്, ഭാര്യ ബാർബി റെയ്‌നോൾഡ് എന്നിവരാണ് ഖത്തർ ഇടപെടലിൽ മോചിതരായത്. ദോഹ വിമാനത്താവളത്തിൽ മകൾ സാറ എൻട്വിസ്ലെയും കുടുംബാംഗങ്ങളും ചേർന്ന് ഇവരെ സ്വീകരിച്ചു. ഏഴു മാസം നീണ്ട ജയിൽ വാസത്തിനു ശേഷമാണ് ദമ്പതികൾ മോചിതരാകുന്നത്. ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫിയാണ് ഇതു സംബന്ധിച്ച് പ്രസ്താവനയിറക്കിയത്. മാനുഷിക മൂല്യങ്ങൾക്കു വേണ്ടി അന്താരാഷ്ട്ര തലത്തിൽ ഖത്തർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിരുന്നു മധ്യസ്ഥതയെന്ന് അൽ ഖുലൈഫി പറഞ്ഞു.
പതിനെട്ടു വർഷമായി അഫ്ഗാനിലെ ബാംയാൻ പ്രവിശ്യയിൽ താമസിക്കുന്നവരാണ് എൺപതുകാരനായ പീറ്ററും എഴുപത്തിയാറുകാരിയായ ബാർബിയും. പ്രദേശത്ത് വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങളുമായി സജീവമായിരുന്നു ഇവർ. നിയമം ലംഘിച്ചെന്ന പേരിൽ ഈ വർഷം ഫെബ്രുവരി ഒന്നിനാണ് ഇവർ അറസ്റ്റിലായത്.
തങ്ങൾ അഫ്ഗാൻ പൗരന്മാരാണ് എന്നും സാധ്യമാണെകിൽ അവിടേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നതായും ബാർബി അന്താരാഷ്ട്ര മാധ്യമമായ സ്‌കൈ ന്യൂസിനോട് പ്രതികരിച്ചു. മോചനത്തിൽ യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഖത്തറിന് നന്ദി അറിയിച്ചു.
Adjust Story Font
16

