Quantcast

കരുത്തും കരുതലുമായി ഖത്തർ; വർണാഭമായ ചടങ്ങുകളോടെ ദേശീയ ദിനാഘോഷം

ദോഹ കോർണിഷിൽ ഗംഭീര സൈനിക പരേഡ് അരങ്ങേറി

MediaOne Logo

Web Desk

  • Published:

    18 Dec 2025 7:51 PM IST

കരുത്തും കരുതലുമായി ഖത്തർ; വർണാഭമായ ചടങ്ങുകളോടെ ദേശീയ ദിനാഘോഷം
X

ദോഹ: ഈ വർഷത്തെ ദേശീയ ദിനം ആഘോഷപൂർവ്വം കൊണ്ടാടി ഖത്തർ. ദോഹ കോർണിഷിൽ രാജ്യത്തിന്റെ കരുത്തും വൈവിധ്യവും വിളംബരം ചെയ്യുന്ന സൈനിക പരേഡ് അരങ്ങേറി. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി സേനയെ അഭിവാദ്യം ചെയ്തു. ദേശീയ ഗാനാലാപനത്തിന് ശേഷം നടന്ന പതിനെട്ട് ഗൺ സല്യൂട്ടുകളോടെയാണ് കോർണിഷിലെ സൈനിക പരേഡിന് തുടക്കമായത്. തുടർന്ന് ഖത്തർ അമീരി എയർ ഫോഴ്‌സിന്റെ എയർഷോ. അത്യാധുനിക യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും എയർക്രാഫ്റ്റുകളും ഷോയിൽ അണി നിരന്നു. നാവിക സേനയുടെ പ്രകടനമായിരുന്നു അടുത്തത്. രാജ്യത്തിന്റെ പ്രതിരോധ-സുരക്ഷാ വൈദഗ്ധ്യം വിളിച്ചോതുന്നതായി സേനയുടെ പ്രകടനങ്ങൾ.

തൊട്ടുപിന്നാലെ പ്രതിരോധ മന്ത്രാലയത്തിനു കീഴിലെയും വിവിധ സൈനിക യൂണിറ്റിനു കീഴിലെയും കാലാൾപ്പടകൾ പരേഡിൽ അണി നിരന്നു. കവചിത വാഹനങ്ങൾ, ടാങ്കുകൾ, വ്യോമപ്രതിരോധ സംവിധാനം തുടങ്ങി രാജ്യത്തിന്റെ സൈനികശക്തി സേനകൾ വിളംബരം ചെയ്തു. ഇതിനു ശേഷം സുരക്ഷാ വിഭാഗങ്ങൾ, സൈനിക സ്ഥാപനങ്ങൾ, സംഘർഷ നിയന്ത്രണ യൂണിറ്റുകൾ, ലഖ്‌വിയ തുടങ്ങിയവയുടെ പരേഡും അരങ്ങേറി. ദേശീയ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന അത്യാധുനിക വാഹനങ്ങൾ അകമ്പടി സേവിച്ചു.

ഒമാൻ, തുർക്കി, യുഎസ്, യുകെ തുടങ്ങിയ രാഷ്ട്രങ്ങളിൽ നിന്നുള്ള സൈനിക ബാൻഡുകളും ദേശീയ ദിന പരേഡിൽ പങ്കെടുത്തു. ഖത്തർ അമീറിന് പുറമേ, ശൈഖ് ജാസിം ബിൻ ഹമദ് അൽ ഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ അൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഥാനി തുടങ്ങിയവരും സേനയെ അഭിവാദ്യം ചെയ്തു. പരേഡ് കാണാൻ പൊതുജനങ്ങൾക്കും അവസരമൊരുക്കിയിരുന്നു.

കോർണിഷിന് പുറമേ, ദർബ് അൽ സാഇ, ഓൾഡ് ദോഹ പോർട്ട്, സൂഖ് വാഖിഫ്, ലുസൈൽ ബൊളിവാർഡ്, 974 ബീച്ച്, പേൾ ഐലന്റ്, ഐൻ മുഹമ്മദ് ഹെറിറ്റേജ് വില്ലേജ്, കതാറ തുടങ്ങിയ സ്ഥലങ്ങളിലും ആഘോഷ പരിപാടികൾ അരങ്ങേറുന്നുണ്ട്.

TAGS :

Next Story