അൽ ഉദൈദ് ആക്രമണം; ഇറാൻ ഖേദം പ്രകടിപ്പിച്ചതായി ഖത്തർ പ്രധാനമന്ത്രി
ഖത്തർ അമീറുമായി ഇറാൻ പ്രസിഡണ്ട് സംസാരിച്ചു

ദോഹ: ഖത്തറിലെ അമേരിക്കൻ വ്യോമത്താവളമായ അൽ ഉദൈദ് ആക്രമിച്ചതിൽ ഇറാൻ ഖേദം പ്രകടിപ്പിച്ചതായി ഖത്തർ പ്രധാനമന്ത്രി.സംഭവത്തെ തുടർന്ന് ഖത്തർ അമീറുമായി സംസാരിച്ച ഇറാൻ പ്രസിഡണ്ട് ഖത്തറിൽ ലക്ഷ്യം വെച്ചതിൽ ഖേദം പ്രകടിപ്പിക്കുകയായിരുന്നു. ഖത്തറും യുഎസും തമ്മിലുള്ളത് പതിറ്റാണ്ടുകളായുള്ള ബന്ധമാണെന്നും അത് മേഖലയുടെ സുരക്ഷക്ക് ഗുണം ചെയ്യുമെന്നും ഇറാനും ഖത്തറിന്റെ നയത്തിലേക്ക് വരണമെന്നും ഖത്തർ ആവശ്യപ്പെട്ടു. സംഘർഷമില്ലാത്ത സൗഹൃദ രാജ്യങ്ങളായി തുടരണമെന്നും ഗൾഫ് രാജ്യങ്ങൾ മേഖലയിൽ അതിന് നേതൃത്വം നൽകുമെന്നും ഖത്തർ പറഞ്ഞു.
ആക്രമണത്തെ തുടർന്ന് ഇറാൻ അംബാസ്സഡറെ വിളിച്ചുവരുത്തി ഖത്തർ പ്രതിഷേധം അറിയിച്ചിരുന്നു. സംഭവത്തിൽ യുഎൻ സെക്യൂരിറ്റി കൗൺസിലിനും സെക്രട്ടറി ജനറലിനും കത്തയക്കുകയും ചെയ്തു. ഇന്നലെ ഖത്തർ സമയം വൈകിട്ട് ഏഴരയോടെയായിരുന്നു അൽ ഉദൈദ് വ്യോമത്താവളത്തിന് നേരെയുള്ള ആക്രമണം. ആക്രമണം പ്രതിരോധിച്ചതായി ഖത്തർ അറിയിച്ചിരുന്നു.
ഇറാന്റെ ആണവ നിലയങ്ങളിലെ അമേരിക്കൻ ആക്രമണത്തിനുള്ള തിരിച്ചടിയായിരുന്നു അൽ ഉദൈദ് വ്യോമത്താവളത്തിന് നേരെയുള്ള മിസൈൽ ആക്രമണം. മുന്നറിയിപ്പിനെ തുടർന്ന് വൈകുന്നേരം 6.45ഓടെ ഖത്തർ വ്യോമപരിധി അടച്ചിരുന്നു. 45 മിനുട്ടിനകം ഇറാന്റെ ആക്രമണമുണ്ടായി. തലസ്ഥാനമായ ദോഹയിലും അൽ വക്‌റ, ഐൻ ഖാലിദ്, ഇൻഡസ്ട്രിയൽ ഏരിയ ഉൾപ്പെടെ ജനവാസമേഖലയിൽ വലിയ ശബ്ദം അനുഭവപ്പെട്ടു. 19 മിസൈലുകളാണ് ഇറാൻ അയച്ചത്. മിസൈലുകൾ കൃത്യമായി പ്രതിരോധിച്ചെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഒന്ന് അൽ ഉദൈദ് വ്യോമത്താവളത്തിൽ പതിച്ചെങ്കിലും
ആളപായമോ പരിക്കുകളോ ഇല്ല. ആക്രമണ വിവരം മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ വ്യോമത്താവളം പൂർണമായും ഒഴിപ്പിച്ചിരുന്നു. ആക്രമണത്തെ ശക്തമായി അപലപിച്ച ഖത്തർ പ്രശ്‌നങ്ങൾക്ക് ചർച്ചകളിലൂടെ പരിഹാരം കാണണമെന്ന് ആവർത്തിച്ചു. സൗഹൃദ രാഷ്ട്രമായ ഖത്തറിന് നേരെയല്ല ആക്രമണമെന്നും അമേരിക്കയ്ക്കുള്ള മറുപടിയാണെന്നും ഇറാൻ പ്രതികരിച്ചു.
Adjust Story Font
16

