പുനർനിർമാണത്തിന് ലോകത്തിന്റെ കൈത്താങ്ങ് വേണം; ഫലസ്തീനായി ശബ്ദമുയർത്തി ഖത്തർ
യുഎന്നിലാണ് ഖത്തറിന്റെ പ്രതികരണം

ഫലസ്തീൻ ജനതയ്ക്കുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തുടരണമെന്ന് ഖത്തർ. പുനരധിവാസ, പുനർനിർമാണ പ്രവർത്തനങ്ങൾക്കായി കൂടുതൽ പിന്തുണ ഫലസ്തീന് ആവശ്യമാണെന്നും ഖത്തർ വ്യക്തമാക്കി. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭയുടെ ഭാഗമായി, ഫലസ്തീനു വേണ്ടിയുള്ള അന്താരാഷ്ട്ര സഹായ ഏകോപനത്തിനായുള്ള മന്ത്രിതല യോഗത്തിലാണ് ഖത്തർ നിലപാട് വ്യക്തമാക്കിയത്. അന്താരാഷ്ട്ര സഹകരണ വകുപ്പു സഹമന്ത്രി മർയം അൽ മിസ്‌നദാണ് യോഗത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചത്.
ഗസ്സയിലെ വെടിനിർത്തലും സമാധാനത്തിനായി തയ്യാറാക്കിയ ഇരുപതിന പദ്ധതിയും മേഖലയിലെ സംഘർഷം കുറയ്ക്കാൻ സഹായകമായെന്ന് അവർ ചൂണ്ടിക്കാട്ടി. ബന്ദികളുടെ മോചനത്തിനും പ്രദേശത്തേക്ക് കൂടുതൽ സഹായം എത്തിക്കാനും കരാർ വഴിയൊരുക്കി. ഖത്തർ, ഈജിപ്ത്, യുഎസ്, തുർക്കി രാഷ്ട്രങ്ങളുടെ മധ്യസ്ഥ ശ്രമങ്ങളാണ് വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കിയത്. കരാർ നടപ്പാക്കാനും മാനുഷിക സഹായം വിതരണം ചെയ്യാനും ഖത്തർ മുമ്പിലുണ്ടാകുമെന്നും അവർ ഉറപ്പു നൽകി. ബോർഡ് ഓഫ് പീസിന്റെ പ്രവർത്തനങ്ങൾക്കായി തന്റെ രാജ്യം ഒരു ബില്യൺ ഡോളർ സംഭാവന പ്രഖ്യാപിച്ചിട്ടുണ്ടെന്നും മർയം അൽ മിസ്നദ് അറിയിച്ചു.
അതിനിടെ, ഗസ്സയിലേക്കുള്ള അടിയന്തര സഹായവുമായി ബന്ധപ്പെട്ട് ന്യൂയോർക്കിൽ ഖത്തർ, ജോർദാൻ, യുകെ രാഷ്ട്രങ്ങളുടെ നേതൃത്വത്തിൽ ഉന്നത മന്ത്രിതല യോഗം ചേർന്നു. ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി, യുകെ വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡ്, ജോർദാൻ വിദേശകാര്യമന്ത്രി അയ്മൻ സഫാദി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Adjust Story Font
16

