Quantcast

പശ്ചിമേഷ്യയിൽ വെടിനിർത്തലിന് അന്താരാഷ്ട്ര ഇടപെടലുമായി ഖത്തർ

ലോകരാജ്യങ്ങളുമായി ചേർന്ന് യുദ്ധം അവസാനിപ്പിക്കാൻ ശ്രമം ശക്തമാക്കുന്നതായി ഖത്തർ വിദേശകാര്യ വക്താവ് അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-10-11 19:01:51.0

Published:

11 Oct 2023 7:00 PM GMT

പശ്ചിമേഷ്യയിൽ വെടിനിർത്തലിന് അന്താരാഷ്ട്ര ഇടപെടലുമായി ഖത്തർ
X

പശ്ചിമേഷ്യയിൽ വെടിനിർത്തലിന് അന്താരാഷ്ട്ര ഇടപെടലുമായി ഖത്തർ. ലോകരാജ്യങ്ങളുമായി ചേർന്ന് യുദ്ധം അവസാനിപ്പിക്കാൻ ശ്രമം ശക്തമാക്കുന്നതായി ഖത്തർ വിദേശകാര്യ വക്താവ് അറിയിച്ചു. ഇതിനിടെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി.

അധിനിവേശ ഫലസ്തീൻ മേഖലകളിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ വെടിനിർത്തൽ ഉൾപ്പെടെ നടപടികൾക്കായി ലോകരാജ്യങ്ങളുമായി ചേർന്നുള്ള ശ്രമങ്ങൾ സജീവമാക്കിയിട്ടുണ്ട്. മേഖലയിലെ സ്ഥിതിഗതികൾ സൂക്ഷ്മായി നിരീക്ഷിക്കുകയാണെന്നും സംഘർഷ മേഖലയിൽ സിവിലിയൻമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി ആവശ്യപ്പെട്ടു.

വിഷയത്തിൽ ഉടൻ അന്താരാഷ്ട്ര ഇടപെടൽ വേണം. യുദ്ധം അവസാനിപ്പിക്കുക, രക്തച്ചൊരിച്ചിൽ നിർത്തുക, തടവുകാരെ മോചിപ്പിക്കുക, സംഘർഷം നീണ്ടുപോകാതെയും വ്യാപിപ്പിക്കാതെയും അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ വിവിധ രാഷ്ട്ര നേതാക്കളുമായുള്ള ആശയവിനിമയത്തിൽ ഖത്തർ ഊന്നിപ്പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. .

അതേസമയം യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയെ ഫോണിൽ വിളിച്ചു. സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ചയായി. ശനിയാഴ്ച പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിനു പിന്നാലെ സൗദി അറേബ്യ, യു.എ.ഇ, ജോർഡൻ, ഈജിപ്ത്, തുർക്കി, ഇറാൻ, അമേരിക്ക, സ്‌പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി ഖത്തർ പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. എന്തുവിലകൊടുത്തും മേഖലയിൽ സമാധാനം സ്ഥാപിക്കാൻ ഒന്നിച്ച് പരിശ്രമിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story