ലബനാന് ഐക്യദാർഢ്യവുമായി ഖത്തർ അമീർ
ലബനാന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും മേലുള്ള കടന്നുകയറ്റമാണ് ഇസ്രായേൽ ആക്രമണം

ദോഹ: ഇസ്രായേൽ ആക്രമണം നേരിടുന്ന ലബനാന് പിന്തുണയും ഐക്യദാർഢ്യവും അറിയിച്ച് ഖത്തർ അമീർ. പ്രസിഡണ്ടുമായുള്ള ഫോൺ സംഭാഷണത്തിലാണ് അമീർ ഖത്തറിന്റെ പിന്തുണ വാഗ്ദാനം ചെയ്തത്. ആക്രമണത്തെ ഖത്തർ അമീർ അപലപിച്ചു.
ലബനാന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും മേലുള്ള കടന്നുകയറ്റമാണ് ഇസ്രായേൽ ആക്രമണമെന്ന് പ്രസിഡണ്ട് ജോസഫ് ഔനുമായുള്ള സംഭാഷണത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി പറഞ്ഞു. സംഘർഷം മേഖലയുടെ സുസ്ഥിരതയ്ക്കു മേൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
ലബനാന്റെ പരമാധികാരത്തിനു മേലുള്ള എല്ലാ ആക്രമണങ്ങളെയും തള്ളിക്കളയുന്നു. രാജ്യത്തിന് പിന്തുണ നൽകുന്നതിനൊപ്പം ലബനീസ് ജനതയോട് ഐക്യദാർഢ്യപ്പെടുകയും ചെയ്യുന്നു. ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ ഖത്തർ ഒരുക്കമാണ്. സംഘർഷം ലഘൂകരിക്കാനുള്ള എല്ലാ ശ്രമങ്ങളിലും ഖത്തർ ഉണ്ടാകുമെന്നും അമീർ ജോസഫ് ഔന് ഉറപ്പു നൽകി.
ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ രക്ഷാസമിതി പ്രമേയങ്ങളുടെയും ലംഘനമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
Adjust Story Font
16

