പശ്ചിമേഷ്യൻ സംഘർഷം; തുർക്കി പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ
അടച്ചിട്ട മുറിയിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച

ദോഹ: തുർക്കി പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി. ഇസ്താംബൂളിലായിരുന്നു സംഭാഷണം. അടച്ചിട്ട മുറിയിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. പശ്ചിമേഷ്യൻ സംഘർഷത്തിൽ പ്രശ്ന പരിഹാരത്തിനായുള്ള നയതന്ത്ര നീക്കങ്ങൾ സജീവമായ ഘട്ടത്തിലാണ് തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും കൂടിക്കാഴ്ച നടത്തുന്നത്. ഇസ്താംബൂളിലെ ദൊൽമാബാഷെ കൊട്ടാരത്തിൽ ഉർദുഗാൻ ഖത്തർ അമീറിനെ സ്വീകരിച്ചു. അൻതാല്യയിൽ നടക്കുന്ന യുഎൻ പരിസ്ഥിതി ഉച്ചകോടിയിൽ പങ്കെടുക്കാനായി രണ്ടു ദിവസം മുമ്പാണ് അമീർ തുർക്കിയിലെത്തിയിരുന്നത്. യുഎസ് - ഇറാൻ വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്ന രാഷ്ട്രങ്ങൾ എന്ന നിലയിൽ ഇരു നേതാക്കളുടെയും സംഭാഷണത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്.
ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തതിന്റെ ഭാഗമായുള്ള തുർക്കി - ഖത്തർ ഹൈ സ്ട്രാറ്റജിക് കമ്മിറ്റി യോഗത്തിൽ നേതാക്കൾ അധ്യക്ഷത വഹിച്ചു. 2014ൽ രൂപവത്കരിച്ച സമിതിയുടെ പന്ത്രണ്ടാമത് യോഗമാണിത്. പ്രതിരോധ വ്യവസായം, സാങ്കേതികവിദ്യ, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ രാഷ്ട്രങ്ങൾ ധാരണയിലെത്തിയിട്ടുണ്ട്.
Adjust Story Font
16

