ഖത്തറിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
സർക്കാർ ഓഫീസുകൾ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ പ്രവർത്തിക്കും

ദോഹ: ഖത്തറിൽ സർക്കാർ ഓഫീസുകളുടെ റമദാനിലെ പ്രവർത്തന സമയം പുനക്രമീകരിച്ചു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ അഞ്ച് മണിക്കൂറാണ് ഓഫീസുകൾ പ്രവർത്തിക്കുക. ഫ്‌ലെക്‌സിബിൾ സമയക്രമത്തിന്റെ ഭാഗമായി രാവിലെ 10 വരെ ജോലിയിൽ ഹാജരാവുന്നതിന് അനുവദിക്കും. എന്നാൽ, അഞ്ച് മണിക്കൂർ പ്രവൃത്തി സമയം പൂർത്തിയാക്കണമെന്ന നിബന്ധനയുണ്ട്. മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ 30 ശതമാനത്തിന് റിമോട്ട് വർക്ക് സംവിധാനം നടപ്പാക്കാനും അനുവാദമുണ്ട്.ഖത്തരി മാതാക്കൾ, ഭിന്നശേഷിക്കാർ എന്നിവർക്കായിരിക്കും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവാദം നൽകുന്നതിൽ മുൻഗണന.
സർക്കാർ സ്‌കൂളുകൾ, കിൻഡർഗർട്ടൻ തുടങ്ങിയ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയത്തിലും മാറ്റമുണ്ട്. രാവിലെ 8.30 മുതൽ ഉച്ച 12 മണിവരെയായിരിക്കും സ്‌കൂളുകളിലും കിൻഡർഗർട്ടനുകളിലും ക്ലാസുകൾ. അധ്യാപകരും, ജീവനക്കാരും ഉൾപ്പെടെയുള്ളവരുടെ ജോലി സമയം രാവിലെ 8.30 മുതൽ 12.30 വരെയായിരിക്കും. ഖത്തറിലെ മ്യൂസിയങ്ങൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ 12 വരെയും രാത്രി 8 മുതൽ 12 വരെയും പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ രാത്രി മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. നാഷണൽ മ്യൂസിയവും ഒളിമ്പിക് മ്യൂസിയവും ചൊവ്വാഴ്ചകളിലും ഇസ്ലാമിക് മ്യൂസിയം ബുധനാഴ്ചകളിലും പ്രവർത്തിക്കില്ല.
Adjust Story Font
16

