ഖത്തറും ചൈനയും കറൻസി സ്വാപ് കരാർ നീട്ടി; സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തമാകും
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 24.22 ബില്യൺ ഡോളറാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം.

ദോഹ: ഖത്തറിന്റെയും ചൈനയുടെയും പ്രാദേശിക കറൻസികൾ തമ്മിലുള്ള സ്വാപ് കരാർ നീട്ടി. ഉഭയകക്ഷി വ്യാപാരവും നേരിട്ടുള്ള നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ശൈഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽഥാനിയും ചൈനീസ് പീപ്പിൾസ് ബാങ്ക് ഗവർണർ പാൻ ഗോങ്ഷെങ്ങും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. ബാങ്കോക്കിൽ നടക്കുന്ന അന്താരാഷ്ട്ര നാണയനിധിയുടെയും ലോകബാങ്ക് ഗ്രൂപ്പിന്റെയും വാർഷിക യോഗത്തിനിടെയായിരുന്നു ഒപ്പുവയ്ക്കൽ ചടങ്ങ്. 2014ൽ ആദ്യമായി ഒപ്പുവച്ച കരാർ മൂന്നാം തവണയാണ് ദീർഘിപ്പിക്കുന്നത്.
നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി സ്വന്തം കറൻസികൾ കൈമാറുന്നതിനുള്ള സംവിധാനമാണ് കറൻസി സ്വാപ് കരാർ. സാമ്പത്തിക ഇടപാടുകൾക്കായി പ്രാദേശിക കറൻസികളുടെ ലഭ്യത ഉറപ്പാക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനും കരാർ സഹായിക്കും.
ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധം വിപുലീകരിക്കാൻ കരാർ വഴിയൊരുക്കും. ഊർജവ്യാപാരത്തിന് അപ്പുറത്തേക്ക് സാമ്പത്തിക പങ്കാളിത്തം വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്കും സ്വാപ് ഡീൽ കരുത്തു പകരും. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 24.22 ബില്യൺ ഡോളറാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം.
Adjust Story Font
16

