ദോഹ അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്‌സിബിഷന് ഓക്ടോബർ 2ന് തുടക്കമാകും
88 രാജ്യങ്ങളാണ് എക്സ്പോയിൽ പങ്കെടുക്കുന്നത്

ദോഹ: ലോകകപ്പിനു പിന്നാലെ ഖത്തറും മിഡിൽ ഈസ്റ്റും കാത്തിരുന്ന ദോഹ അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്‌സിബിഷന് ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഒക്ടോബർ രണ്ടിന് അൽ ബിദ പാർക്കിൽ തുടക്കം കുറിക്കുന്ന എക്‌സിബിഷന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി.
എക്‌സ്‌പോക്ക് അവസാന വട്ട തയ്യാറെടുപ്പിലാണ് സംഘാടകർ. 88 രാജ്യങ്ങൾ പങ്കെടുക്കുന്ന എക്‌സ്‌പോയിൽ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തത്തിനാവും ദോഹ കാത്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ലോക രാജ്യങ്ങളുടെ പ്രത്യേകിച്ചും മരുഭൂമിവൽക്കരണവും കൃഷി ഭൂമിയുടെയും ജലത്തിന്റെയും ക്ഷാമവും നേരിടുന്ന നിരവധി രാജ്യങ്ങളുടെ പങ്കാളിത്തമാണ് ശ്രദ്ധേയമാക്കുന്നത്.
വിവിധ പരിപാടികൾ ഉൾകൊള്ളുന്ന മേള എന്നതിനപ്പുറം മേഖലയ്ക്കായി നിരവധി ഗവേഷണങ്ങളും പഠനങ്ങളും ഖത്തർ വേദിയാവുന്ന അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്‌സ്‌പോ അവതരിപ്പിക്കുന്നു. വിഖ്യാത സർവകലാശാലകൾ, സ്വകാര്യ കമ്പനികൾ എന്നിവയുടെ സഹകരണവും പങ്കാളിത്തവും എക്സ്പോയിലുണ്ടാകും.
അൽബിദ പാർക്കിൽ 17 ലക്ഷം ചതുരശ്രമീറ്ററിലാണ് എക്സ്പോ നടക്കുന്നത്. ഇന്ത്യ ഉൾപ്പെടെ എൺപതിലധികം രാജ്യങ്ങളുടെ പവിലിയനുകളാണ് എക്സ്പോയിലുണ്ടാകുക. 2,500 വളന്റിയർമാരുടെ സേവനവും എക്സ്പോയിലുണ്ടാകും. വളന്റിയർ തെരഞ്ഞെടുപ്പ് ഇതിനകം പൂർത്തിയാക്കുകയും പരിശീലനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എക്സ്പോയിലെ പരിപാടികൾ സംബന്ധിച്ച വിശദാംശങ്ങൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കും.
Adjust Story Font
16