ഖത്തറിൽ വാരാന്ത്യത്തിൽ കാറ്റും നേരിയ മഴയും
ഇന്ന് കുറഞ്ഞ താപനില 7°C, കൂടിയത് 20°C

ദോഹ: ഖത്തറിൽ ഈ വാരാന്ത്യത്തിൽ ശക്തമായ കാറ്റും നേരിയ മഴയുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. പ്രതിവാര റിപ്പോർട്ടിൽ കാലാവസ്ഥാ വകുപ്പാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഇന്നു മുതൽ 24 വരെ രാജ്യത്തുടനീളം തണുപ്പും കാറ്റും നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ് നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. നേരിയ പൊടിപലടവുമുണ്ടാകും. വാരാന്ത്യ ദിവസങ്ങളിൽ 12 ഡിഗ്രിക്കും 22 ഡിഗ്രിക്കും ഇടയിലായിരിക്കും ശരാശരി താപനില.
വെള്ളിയാഴ്ച പകൽ താരതമ്യേന തണുപ്പുള്ള കാലാവസ്ഥയാകും. രാത്രിയാകുന്നതോടെ ചില പ്രദേശങ്ങളിൽ തണുപ്പ് അതിശക്തമാകും. ശനിയാഴ്ച ആകാശം മേഘാവൃതമായിരിക്കുമെന്നും രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇന്ന് മിസൈഈദിൽ ഏഴു ഡിഗ്രി സെൽഷ്യസ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. ഖത്തർ യൂണിവേഴ്സിറ്റിയിലും ദോഹ എയർപോർട്ടിലും ഏറ്റവും കൂടിയ താപനിലയായ ഇരുപത് ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. പ്രതികൂല കാലാവസ്ഥയിൽ ജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
Adjust Story Font
16

