അണ്ടർ 17 ലോകകപ്പ്; കലാശപ്പോര് നാളെ
പോർച്ചുഗലും ഓസ്ട്രിയയും തമ്മിലാണ് പോരാട്ടം

ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ അണ്ടർ സെവന്റീൻ ലോകകപ്പിന്റെ ഫൈനൽ നാളെ. പോർച്ചുഗലും ഓസ്ട്രിയയും തമ്മിലാണ് പോരാട്ടം. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഫൈനൽ അരങ്ങേറുക.
ആരു ജയിച്ചാലും ചരിത്രം പിറവിയെടുക്കുന്ന കലാശപ്പോരിനാണ് ഖലീഫ സ്റ്റേഡിയം നാളെ വേദിയാകുന്നത്. കിരീടമേറെ നേടിയിട്ടുണ്ടെങ്കിലും കൗമാര ലോകകപ്പിൽ മുത്തമിടാൻ പോർച്ചുഗലിന് ഇതുവരെ ആയിട്ടില്ല. ഒരു ഫിഫ ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് ഓസ്ട്രിയ യോഗ്യത നേടുന്നതും ചരിത്രത്തിൽ ആദ്യം. ഖത്തർ സമയം ഏഴു മണിക്കാണ് (ഇന്ത്യൻ സമയം രാത്രി 9.30 ) കിക്കോഫ്.
സെമിയിൽ ബ്രസീലിനെ ഷൂട്ടൗട്ടിൽ മറികടന്നതിന്റെ കരുത്തുമായാണ് പറങ്കിപ്പടയെത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ജപ്പാനോടേറ്റ തോൽവി മാത്രമാണ് പോർച്ചുഗലിന് ടൂർണമെന്റിൽ നേരിട്ട ഏക തിരിച്ചടി. എന്നാൽ ചാമ്പ്യൻഷിപ്പിൽ സ്വപ്നക്കുതിപ്പു നടത്തിയ ഓസ്ട്രിയ ഇതുവരെ ഒരു മത്സരത്തിൽ പോലും തോൽവി അറിഞ്ഞിട്ടില്ല.
ആരാധകർ ഏറെയുണ്ടെങ്കിലും നിലവിലെ കണക്കുകൾ പരിശോധിക്കുമ്പോൾ പോർച്ചുഗലിന് ഒട്ടും എളുപ്പമാകില്ല കാര്യങ്ങൾ. കാരണം, ഏഴു കളിയിൽ ഓസ്ട്രിയ അടിച്ചു കൂട്ടിയത് 17 ഗോളാണ്. വഴങ്ങിയത് ഒരൊറ്റ ഗോൾ മാത്രം. ഫുട്‌ബോൾ പവർ ഹൗസുകളായ ഇംഗ്ലണ്ടിനെയും ഇറ്റലിയെയുമൊക്കെ കശക്കിയാണ് ഓസ്ട്രിയയുടെ വരവ്.
Adjust Story Font
16

