അഭിമാനമായി പെണ്‍മക്കള്‍: 25 പെൺകുട്ടികൾക്ക് അൽമിറ സ്കോളർഷിപ്പ് വിതരണം ചെയ്തു
യു എ ഇയിലെ വനിതാ സംരംഭ ഹസീന നിഷാദാണ് മകൾ ഹനാൻ അൽ മിറയുടെ പേരിൽ അൽമിറ എന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് ഏർപ്പെടുത്തിയത്.

ദുബൈ: ലോക വനിതാ ദിനത്തിൽ 25 പ്രവാസികളുടെ മിടുക്കികളായ പെൺമക്കൾക്ക് ഉപരിപഠനത്തിന് ഒരു ലക്ഷം രൂപ വീതം സ്കോളർഷിപ്പ് വിതരണം ചെയ്തു. ദുബൈയിൽ നടന്ന ചടങ്ങിൽ നാട്ടിലുള്ള പെൺമക്കൾക്ക് വേണ്ടി യു എ ഇയിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ രക്ഷിതാക്കൾ സ്കോളർഷിപ്പ് തുക ഏറ്റുവാങ്ങി.
പതിറ്റാണ്ടുകളായി ഗൾഫിൽ വിയർപ്പൊഴുക്കിയ സാധാരണക്കാരായ പ്രവാസികളാണ് നാട്ടിലെ സ്കൂളിൽ 99 ശതമാനത്തിലേറെ മാർക്ക് നേടിയ പെൺമക്കൾക്ക് വേണ്ടി ഒരു ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങിയത്. ഗൾഫിൽ വീട്ടുജോലി ചെയ്ത് മക്കളെ പോറ്റുന്ന അമ്മമാർ മുതൽ ഹൗസ് ഡ്രൈവറായ മുത്തച്ഛൻ വരെ ഇക്കൂട്ടത്തിലാണ്ടായിരുന്നു. 43 വർഷമായി അബൂദബിയിലെ അറബി വീട്ടിൽ ജോലിചെയ്യുന്ന ഖാലിദ് കൊച്ചുമകൾക്ക് വേണ്ടിയാണ് സ്കോളർഷിപ്പ് സ്വീകരിച്ചത്.
യു എ ഇയിലെ വനിതാ സംരംഭ ഹസീന നിഷാദാണ് മകൾ ഹനാൻ അൽ മിറയുടെ പേരിൽ അൽമിറ എന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് ഏർപ്പെടുത്തിയത്. പ്ലസ് വൺ പരീക്ഷയിൽ 99 ശതമാനം മാർക്ക് നേടിയ ഹയർസെക്കണ്ടറി വിദ്യാർഥികളെയാണ് സ്കോളർഷിപ്പിന് പരിഗണിച്ചത്. ആയിരക്കണക്കിന് അപേക്ഷകരിൽ നിന്ന് പ്രവാസി രക്ഷിതാക്കളുടെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ചാണ് അർഹരെ തെരഞ്ഞെടുത്തത്. ഒരു പെൺകുട്ടിയുടെ മാതാവ് എന്ന നിലയിലാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നതെന്ന് ഹസീന നിഷാദ് പറഞ്ഞു.
ഹസീന നിഷാദ്, ഭർത്താവ് നിഷാദ് ഹുസൈൻ, മകൾ ഹനാൻ അൽമിറ തുടങ്ങിയവർ സ്കോളർഷിപ്പ് ചെക്കുകൾ കൈമാറി. തികഞ്ഞ അഭിമാനത്തോടെ, നിറകണ്ണുകളോടെയാണ് പ്രവാസി രക്ഷിതാക്കൾ പലരും സ്കോളർഷിപ്പ് ഏറ്റുവാങ്ങിയത്.
Adjust Story Font
16

