സൗദിയിൽ വ്യോമയാന നിയമലംഘനങ്ങൾക്ക് ചുമത്തിയത് 1.38 കോടി റിയാൽ പിഴ; ആകെ 609 ലംഘനങ്ങൾ
സിവിൽ ഏവിയേഷൻ കമ്മിറ്റി പുറത്തുവിട്ട 2025ലെ റിപ്പോർട്ടിലേതാണ് കണക്കുകൾ

റിയാദ്: സൗദിയിൽ സിവിൽ ഏവിയേഷൻ നിയമവും എക്സിക്യൂട്ടീവ് നിർദേശങ്ങളും ലംഘിച്ച സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ ആകെ 1.38 കോടി റിയാൽ പിഴ ചുമത്തിയതായി റിപ്പോർട്ട്. സിവിൽ ഏവിയേഷൻ കമ്മിറ്റി പുറത്തുവിട്ട 2025ലെ റിപ്പോർട്ടിലേതാണ് കണക്കുകൾ. ആകെ 609 ലംഘനങ്ങളാണ് രേഖപ്പെടുത്തിയത്.
നിർദേശങ്ങൾ പാലിക്കാത്ത വിമാനക്കമ്പനികൾക്കെതിരെ 404 ലംഘനങ്ങൾ രേഖപ്പെടുത്തി. 67 ലക്ഷത്തിലധികം റിയാൽ പിഴയാണ് വിമാനക്കമ്പനികളിൽ നിന്ന് മാത്രം ഈടാക്കിയത്. എക്സിക്യൂട്ടീവ് നിയമങ്ങൾ പാലിക്കാത്ത 7 ലംഘനങ്ങൾക്ക് 5.25 ലക്ഷം റിയാൽ പിഴയും ഈടാക്കി. വിമാനങ്ങൾ വൈകൽ മുതൽ റദ്ദാക്കൽ വരെയുള്ള പ്രവർത്തനങ്ങൾക്ക് 136 പരാതികളിൽ നിന്നായി 50 ലക്ഷത്തിലധികം റിയാൽ പിഴ ഈടാക്കി. എക്സിക്യൂട്ടീവ് നിയമങ്ങൾ, നിർദേശങ്ങൾ, നിയന്ത്രണങ്ങൾ ലംഘിച്ച ലൈസൻസുള്ള കമ്പനികൾക്കെതിരെ 16 കേസുകളിൽ 11 ലക്ഷത്തിലധികം റിയാൽ പിഴയും ഈടാക്കി.
വ്യക്തികൾക്കെതിരെ രേഖപ്പെടുത്തിയത് 43 നിയമ ലംഘനങ്ങളാണ്. അതിൽ പെർമിറ്റ് ഇല്ലാതെ ഡ്രോൺ ഉപയോഗിച്ച 4 പേർക്ക് 9,500 റിയാൽ പിഴ, വിമാനത്തിൽ അപകടകരമായ പെരുമാറ്റം നടത്തിയ 37 യാത്രക്കാർക്ക് 26,900 റിയാൽ പിഴ, വ്യോമസുരക്ഷാ എക്സിക്യൂട്ടീവ് നിയമങ്ങൾ ലംഘിച്ച ഒരാൾക്ക് 3 ലക്ഷം റിയാൽ പിഴ, പൈലറ്റ് ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയ ഒരാൾക്ക് 10,000 റിയാൽ പിഴ എന്നിങ്ങനെയും ചുമത്തി. പെർമിറ്റ് ഇല്ലാതെ ഡ്രോൺ ഉപയോഗിച്ച 3 കമ്പനികൾക്ക് 30,000 റിയാൽ പിഴയും ചുമത്തിയിട്ടുണ്ട്.
Adjust Story Font
16

