കിഴക്കൻ പ്രവിശ്യയിലെ 14 കി.മീ പാലം; മിഡിലീസ്റ്റിലെ മികച്ച റോഡ് പദ്ധതിയായി സഫ്‌വ-റഹീമ
സൗദി റോഡ്സ് അതോറിറ്റിക്ക് മീഡ് പ്രൊജക്ട്സിന്റെ പുരസ്കാരം

റിയാദ്: 2026-ലെ 'മീഡ്' പ്രൊജക്ട് അവാർഡുകളിൽ രണ്ട് സുപ്രധാന പുരസ്കാരങ്ങൾ കരസ്ഥമാക്കി സൗദി ജനറൽ അതോറിറ്റി ഫോർ റോഡ്‌സ്. സഫ്‌വ-റഹീമ കടൽപ്പാലം (മറൈൻ ബ്രിഡ്ജ്) പദ്ധതി ദേശീയ തലത്തിലെ മികച്ച റോഡ് പ്രൊജക്ടിനുള്ള പുരസ്കാരവും, മിഡിൽ ഈസ്റ്റ് ആന്റ് നോർത്ത് ആഫ്രിക്ക (MENA) മേഖലയിലെ മികച്ച റോഡ് പ്രൊജക്ടിനുള്ള പുരസ്കാരവുമാണ് സ്വന്തമാക്കിയത്. പ്രാദേശിക വേദികളിൽ സൗദി പദ്ധതികളുടെ മികവ് അടയാളപ്പെടുത്തുന്നതാണ് ഈ നേട്ടം.
കിഴക്കൻ പ്രവിശ്യയിൽ 15 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമിച്ച ഈ പാത സഫ്‌വയെ റാസ് തനൂറ ഗവർണറേറ്റുമായി ബന്ധിപ്പിക്കുന്നു. സൗദിയിലെ ഏറ്റവും നീളമേറിയ കടൽപ്പാലങ്ങളിൽ ഒന്നായ 3.2 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട കടൽപ്പാലവും ഇതിന്റെ ഭാഗമാണ്. യാത്രാസമയം ഗണ്യമായി കുറക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഈ പാത സഹായിക്കുന്നു. റാസ് തനൂറ ഗവർണറേറ്റിനെയും സഫ്‌വ നഗരത്തെയും പ്രധാന ഹൈവേകളുമായി ബന്ധിപ്പിക്കുന്നതിനൊപ്പം, റാസ് തനൂറ തുറമുഖത്തേക്കുള്ള ചരക്കുനീക്കത്തിനും സാമ്പത്തിക-ലോജിസ്റ്റിക്സ് മേഖലക്കും നേരിട്ടുള്ള പ്രവേശന കവാടം കൂടി ഇത് തുറന്നുനൽകുന്നു.
എഞ്ചിനീയറിംഗ്-ഡിസൈൻ മികവ്, സാങ്കേതിക നവീകരണം, പ്രൊജക്ട് മാനേജ്‌മെന്റ്, സുസ്ഥിരത, സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും ഉണ്ടാക്കുന്ന സ്വാധീനം എന്നിവ വിലയിരുത്തിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. മഷ്‌റഖ് ബാങ്കുമായി സഹകരിച്ച് 'മീഡ്' സംഘടിപ്പിച്ച 16-ാമത് അവാർഡ് പതിപ്പിൽ 9 രാജ്യങ്ങളിൽ നിന്നായി ദേശീയ തലത്തിൽ വിജയിച്ച 73 പദ്ധതികളാണ് 17 വിഭാഗങ്ങളിലായി പ്രാദേശിക തലത്തിൽ മത്സരിച്ചത്.
Adjust Story Font
16

