സൗദിയിൽ ഖിവ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം വർധിച്ചു
ഖിവയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 1.45 കോടി

ദമ്മാം: സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ഖിവ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ എണ്ണം ഒന്നര കോടിക്കടുത്തെത്തി. പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത തൊഴിൽ കരാറുകളുടെ എണ്ണം 1.10 കോടി പിന്നിട്ടതായും മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്തെ തൊഴിൽ സംബന്ധമായ സേവനങ്ങളും കരാറുകളും ലഭ്യമാക്കുന്ന മന്ത്രാലയത്തിന്റെ ഏകീകൃത പ്ലാറ്റ്‌ഫോമാണ് ഖിവ.
2025 ൽ മാത്രം പത്ത് ലക്ഷം പുതിയ ഉപയോക്താക്കളാണ് ഖിവയുടെ ഭാഗമായത്. ജീവനക്കാരുടെ വെബ്സൈറ്റുകളുടെ എണ്ണം എട്ട് ദശലക്ഷവും സ്ഥാപന വെബ്സൈറ്റുകളുടെ എണ്ണം 1.4 ദശലക്ഷവും കവിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി. ഇതിന് പുറമേ വേതന സംരക്ഷണ സർട്ടിഫിക്കറ്റുകൾ, സ്വദേശിവത്കരണ സർട്ടിഫിക്കറ്റുകൾ, ശമ്പള സർട്ടിഫിക്കറ്റുകൾ എന്നിവയും പ്ലാറ്റഫോമിന് കീഴിൽ ലഭ്യമാക്കി വരുന്നുണ്ട്.
1.5 ദശലക്ഷം സേവന കൈമാറ്റ അഭ്യർത്ഥനകൾ, ഹജ്ജ്, ഉംറ സേവനങ്ങൾക്കായി 40,000 താൽക്കാലിക തൊഴിൽ വിസകൾ, 1,91,000 തൊഴിൽ മാറ്റ അഭ്യർത്ഥനകൾ, 2,47,000 തൊഴിൽ തിരുത്തലുകൾ എന്നിവയും ഖിവ വഴി പ്രോസസ്സ് ചെയ്തതായും മന്ത്രാലയം വിശദീകരിച്ചു. സൗദി തൊഴിൽ വിപണി അനുഭവത്തെ കാര്യക്ഷമമാക്കുന്നതിനും സുതാര്യതയും വിശ്വാസ്യതയും ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഖിവ പദ്ധതിക്ക് തുടക്കം കുറിച്ചത്.
Adjust Story Font
16

