അവസരം വേസ്റ്റാക്കേണ്ട!; സൗദിയിൽ മാലിന്യത്തിലും നിക്ഷേപാവസരമെന്ന് വിദഗ്ധർ
പ്രതിവർഷം 30 ലക്ഷം ടൺ പേപ്പർ മാലിന്യം, പുനരുപയോഗം പകുതി മാത്രം

റിയാദ്: സൗദിയിൽ പ്രതിവർഷം ഉത്പാദിപ്പിക്കുന്ന ഏകദേശം 30 ലക്ഷം ടൺ പേപ്പർ മാലിന്യത്തിൽ 50 ശതമാനം മാത്രമാണ് ഇപ്പോൾ റീസൈക്കിൾ ചെയ്യുന്നത്. ബാക്കിയുള്ളവ ഉയർന്ന ലാഭം നൽകുന്ന നിക്ഷേപ മേഖലയായി മാറിയേക്കാമെന്ന് ജിദ്ദയിൽ നടന്ന രണ്ടാമത് അന്താരാഷ്ട്ര പേപ്പർ-പാക്കേജിങ് എക്സിബിഷനിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു.
വ്യക്തിഗതമായി പ്രവർത്തിക്കുന്ന ഇടനിലക്കാർ ഫാക്ടറികളിൽ നിന്ന് ടൺ ഒന്നിന് 500-800 റിയാൽ മാത്രം നൽകിയാണ് മാലിന്യം ശേഖരിക്കുന്നത്. പിന്നീട് അവ റീസൈക്ലിങ് ഫാക്ടറികളിലേക്ക് ഇരട്ടി വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നു. റീസൈക്കിൾ ചെയ്ത പേപ്പർ ടൻ ഒന്നിന് 3500-3800 റിയാൽ വരെ വിലയ്ക്ക് വിൽക്കപ്പെടും.
എന്നാൽ മാലിന്യം ഉത്പാദിപ്പിക്കുന്ന ഫാക്ടറികളും റീസൈക്ലിങ് പ്ലാന്റുകളും തമ്മിൽ നേരിട്ടുള്ള ബന്ധം ഇല്ലാത്തതാണ് ഇതിന്റെ വലിയൊരു ശതമാനവും പാഴായിപോകുന്നത്. മാത്രമല്ല, റീസൈക്ലിങ് പ്ലാന്റുകളുടെ എണ്ണവും വളരെ കുറവാണ്. പലപ്പോഴും ഫാക്ടറികളിൽ ഇവ അടിഞ്ഞുകൂടി കിടക്കുന്നതും പതിവായിട്ടുണ്ട്.
സൗദി ദേശീയ മാലിന്യ പരിപാലന കേന്ദ്രമായ മവാൻ (Mawan) 2040-ഓടെ 90% മാലിന്യവും ലാൻഡ്ഫില്ലിൽ നിന്ന് തിരിച്ചുവിടുന്നതിനും 79% റീസൈക്ലിങ് നിരക്ക് കൈവരിക്കാനും ലക്ഷ്യമിടുന്നു. ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഏകദേശം 750 ബില്യൺ റിയാൽ നിക്ഷേപം വേണ്ടിവരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ലക്ഷ്യം കൈവരിച്ചാൽ ഇതിലൂടെ 76,000-ലധികം തൊഴിലവസരങ്ങൾ ലഭിക്കും. ജിഡിപിയിലേക്ക് 650 ബില്യൺ റിയാൽ കൂടി ചേരും.
Adjust Story Font
16

