സൗദി ട്രാൻസ്ഫറിൽ എത്തിയത് നെയ്മർ ഉൾപ്പെടെ 34 താരങ്ങൾ; ക്ലബ്ബുകൾ ചെലവഴിച്ചത് 8316 കോടി
അൽ ഹിലാലാണ് സൗദി ട്രാൻസ്ഫർ വിൻഡോയിൽ കൂടുതൽ പണമിറക്കിയത്

റിയാദ്: യൂറോപ്പിൽ നിന്നും ഫുട്‌ബോൾ താരങ്ങളെ റാഞ്ചിയ സൗദിയുടെ ഈ വർഷത്തെ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചു. നെയ്മർ ഉൾപ്പെടെ 34 താരങ്ങളാണ് യൂറോപ്പുൾപ്പെടെ ലോകോത്തര ക്ലബ്ബുകളിൽ നിന്നും സൗദി ക്ലബ്ബുകളിലേക്കെത്തിയത്. ക്ലബ്ബുകൾ സൗദി ചരിത്രത്തിലെ സർവകാല റെക്കോർഡായ എണ്ണായിരത്തി മുന്നൂറ് കോടിയിലേറെ രൂപയാണ് താരങ്ങളെ സ്വന്തമാക്കൻ ചെലവഴിച്ചത്.
യൂറോപ്യൻ ലീഗിൽ നിന്നും ഇന്നലെ വരെ സൗദിയിലെത്തിയത് 34 താരങ്ങളാണ്. ലോകോത്തര താരങ്ങളെ എത്തിക്കാൻ 18 സൗദി ക്ലബ്ബുകൾ ചിലവഴിച്ചതാകട്ടെ 8316 കോടി രൂപ. സൗദിയുടെ ചരിത്രത്തിൽ തന്നെ ഇത്രയധികം തുക ഫുട്‌ബോൾ ക്ലബ്ബുകളെ കരുത്തരാക്കാൻ സൗദി ചെലവഴിക്കുന്നത് ആദ്യമാണ്. നെയ്മർ, റൂബൻ നെവസ്, യാസിൻ ബോണോ, മിലിങ്കോവിച്ച് സാവിച്, കലിഡൗ കൗലിബാലി, അലക്‌സാണ്ടർ മിട്രോവിച് എന്നിങ്ങിനെ സൂപ്പർ താരങ്ങളെ സ്വന്തമാക്കിയ അൽ ഹിലാലാണ് സൗദി ട്രാൻസ്ഫർ വിൻഡോയിൽ കൂടുതൽ പണമിറക്കിയത്. 3132 കോടി രൂപ. അലൻ സെന്റ് മാക്‌സിമിൻ, എഡ്വാഡ് മെൻഡി, റിയാദ് മെഹ്‌റസ്, ഫ്രാങ്ക് കെസ്സി, വീഗ എന്നിങ്ങിനെ മികച്ച പടയെ സ്വന്തമാക്കിയ അൽ അഹ്‌ലിയാണ് ഇത്തവണ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ പണമെറിഞ്ഞ ക്ലബ്ബ്. 1721 കോടി രൂപ. ടെല്ലസ്, ഒട്ടാവിയോ, ലാപോർട്ടെ, ബ്രോസോവിച്,
സാദിയോ മാനെ എന്നിങ്ങിനെ താര നിര സ്വന്തമാക്കി ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ ഇത്തവണ കൂടൂതൽ കരുത്തരായി. 1461 കോടി രൂപയാണ് നസ്ർ ചിലവഴിച്ചത്. കരീം ബെൻസിമ, ഫാബിഞ്ഞോ, ഫിലിപ്പെ, കാന്റെ, ജോട എന്നിവരെ ഇത്തിഹാദ് റാഞ്ചി. അവരിറക്കിയത് 756 കോടി രൂപയാണ്. മൂസ ഡെംബലേ, ജാക് ഹെൻഡ്രി, ഹെൻഡേഴ്‌സൺ എന്നിവരേയും ഇന്നലെ കരാറൊപ്പുവെച്ച ഡിമറായ് ഗ്രേയേയും സ്വന്തമാക്കിയ ഇത്തിഫാഖും 342 കോടി ചിലവഴിച്ചു. അൽ ശബാബ് ക്ലബ്ബും താരങ്ങൾക്കായി 134 കോടി ഇറക്കി. സൗദിയിൽ ആകെ 18 ഫുട്‌ബോൾ ക്ലബ്ബുകളാണുള്ളത്.
മുകളിൽ പറഞ്ഞ 6 ക്ലബ്ബുകളൊഴിക, ബാക്കിയുള്ള 12 ക്ലബ്ബുകൾ ആകെ 228 കോടി രൂപയും ചിലവഴിച്ചു. ട്രാൻസ്ഫർ വിൻഡോയിൽ പണം ചിലവഴിച്ചതിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന് തൊട്ടു പിന്നിൽ ഇപ്പോൾ സൗദി ലീഗാണ്. യൂറോപ്പിന് ചങ്കിടിപ്പുണ്ടാക്കിയതായിരുന്നു ഇത്തവണത്തെ ഫുട്‌ബോൾ ട്രാൻസ്ഫർ കാലം. പ്രഖ്യാപിച്ചതിലും 12 ദിനം മുന്നേയാണിപ്പോൾ സൗദിയിലെ ട്രാൻസ്ഫർ വിൻഡോ അടച്ചത്. ലോകത്തെ സ്‌പോർട്‌സ് മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമായിരുന്നു കഴിഞ്ഞ രണ്ട് മാസങ്ങൾ. വരും വർഷങ്ങളിലും സൗദിയുടെ കുതിപ്പ് തുടരും. പുതിയ ട്രാൻസ്ഫറുകൾ സൗദി ക്ലബ്ബുകളെ മാറ്റിമറിക്കും.
Adjust Story Font
16

