മരുഭൂമിയിൽ ദുരിത ജീവിതം നയിച്ച 35 ഇന്ത്യക്കാർക്ക് മോചനം
നടപടികൾ പൂർത്തിയാക്കി 31 പേരെ നാട്ടിലേക്കയച്ചു

സൗദി മരുഭൂമിയിലെ 'ആടുജീവിതം' നയിക്കേണ്ടിവന്ന മുപ്പത്തിയഞ്ച് ഇന്ത്യകാർക്ക് മോചനം സാധ്യമാക്കി സാമൂഹ്യ പ്രവർത്തകനും ഇന്ത്യൻ എംബസിയും. സൗദി സുരക്ഷാ വിഭാഗത്തിന്റെ സഹായത്തോടെയാണ് മോചനം. രക്ഷപ്പെട്ടവരിൽ 31 പേരെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്കയച്ചു.
ഖത്തറിൽ തൊഴിൽ വാഗ്ദാനം ചെയ്ത് വർക്ക് വിസയിൽ ഖത്തറിലെത്തിയവരാണ് ഇവർ. പിന്നീട് സൗദി സന്ദർശക വിസ സംഘടിപ്പിച്ച് സ്പോൺസർ ഇവരെ സൗദിയിലെ റുബുഉൽഖാലി മരുഭൂമിയിൽ ഒട്ടകങ്ങളെ മേയ്ക്കാൻ നിശ്ചയിച്ചു.
ശമ്പളമോ കൃത്യമായ താമസ-ഭക്ഷണ സൗകര്യങ്ങളോ ഇല്ലാതെ ആറ് വർഷത്തിലേറെയായി ഒറ്റപ്പെട്ടു കഴിയുകയായിരുന്നു ഇവർ. ഇതിനിടെ ഇവരിൽ ചിലരുടെ ബന്ധുക്കൾ ഇന്ത്യൻ എംബസിക്ക് പരാതി നൽകിയതോടെയാണ് വിവരം പുറംലോകമറിയുന്നത്.
ഇന്ത്യൻ എംബസി വളണ്ടിയറും കെ.എം.സി.സി സാമൂഹ്യ വിഭാഗം ചെയർമാനുമായ സിദ്ധീഖ് തുവ്വൂർ നടത്തിയ അന്വേഷണത്തിനൊടുവിൽ പലരെയും പല പ്രദേശങ്ങളിൽ നിന്നായി കണ്ടെത്തുകയായിരുന്നു. സാഹസികവും ദുർഘടവുമായ രക്ഷാപ്രവർത്തനത്തിന് സൗദി പൊലീസും സഹായത്തിനെത്തി.
മാസങ്ങൾ നീണ്ടതായിരുന്നു രക്ഷാപ്രവർത്തന ദൗത്യം. പുറത്തെത്തിച്ചവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. ഒടുവിൽ 31 പേരുടെ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് തിരിച്ചയച്ചു. ഒരാൾ അസുഖബാധിതനായി ഇതിനിടയിൽ മരണമടഞ്ഞു. അവശേഷിക്കുന്ന മൂന്ന് പേരുടെ നടപടികൾ പൂർത്തിയാകുന്നതോടെ ഉടൻ നാട്ടിലേക്കയക്കുമെന്ന് സിദ്ധീഖ് തുവ്വൂർ പറഞ്ഞു.
Adjust Story Font
16

