'ഇഹ്സാനിലേക്ക്' ആദ്യ ദിനം ഒഴുകിയെത്തിയത് 64.6 കോടി റിയാൽ
സൗദി ദേശീയ ജീവകാരുണ്യ കാമ്പയിന് കീഴിലുള്ള പ്ലാറ്റ്ഫോമാണിത്

റിയാദ്: സൗദിയുടെ ഔദ്യോഗിക ജീവകാരുണ്യ പ്ലാറ്റ്ഫോമായ ഇഹ്‌സാൻ വഴി നടപ്പിലാക്കുന്ന ദേശീയ ജീവകാരുണ്യ കാമ്പയിന്റെ ആറാം പതിപ്പിലേക്ക് ആദ്യ ദിനം തന്നെ ഒഴുകിയെത്തിയത് റെക്കോർഡ് തുക. 'ഇഹ്‌സാൻ' പ്ലാറ്റ്‌ഫോം വഴി വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച പദ്ധതിയുടെ ആദ്യ മണിക്കൂറുകളിൽ തന്നെ 64.6 കോടി റിയാലിലധികം സമാഹരിക്കാനായി.
സൗദി ഭരണാധികാരികൾ ചേർന്ന് 7 കോടി റിയാൽ സംഭാവന നൽകിയിരുന്നു. ഇതിനു പിറകെ, ഗ്രോസ്സ് ഫൗണ്ടേഷൻ, സൗദി അരാംകോ, റോഷൻ ഗ്രൂപ്പ്, അൽ ഫൗസാൻ കമ്മ്യൂണിറ്റി സർവീസ് പ്രോഗ്രാം, സാബിക് (SABIC), സുലൈമാൻ അൽ റാജിഹി ഫൗണ്ടേഷൻ തുടങ്ങി പ്രമുഖ കമ്പനികളും സ്ഥാപനങ്ങളും വലിയ തുകകൾ കൈമാറി. സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ (SDAIA) പിന്തുണയോടെയാണ് 'ഇഹ്‌സാൻ' പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്.
അത്യാധുനിക ഡിജിറ്റൽ സംവിധാനത്തിലൂടെ സംഭാവനകൾ സുരക്ഷിതമായി സ്വീകരിക്കുകയും അർഹരായവരിലേക്ക് കൃത്യമായി എത്തിക്കുകയും ചെയ്യുന്നതാണ് പദ്ധതി. പ്ലാറ്റ്‌ഫോമിന്റെ എല്ലാ പ്രവർത്തനങ്ങളും ഇസ്‌ലാമിക നിയമങ്ങൾ പാലിച്ചാണെന്ന് ഉറപ്പാക്കാൻ പ്രത്യേക ശരീഅത്ത് കമ്മിറ്റിയുടെ മേൽനോട്ടവുമുണ്ട്.
Adjust Story Font
16

