അബഹ വിമാനത്താവള സ്വകാര്യവത്കരണം; കൺസോർഷ്യത്തെ മൂന്ന് മാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി
'ത്വാഇഫ്, ഖസീം, ഹാഇൽ വിമാനത്താവളങ്ങളിലും സ്വകാര്യവത്കരണം'

റിയാദ്: സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവള സ്വകാര്യവത്കരണ പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട കൺസോർഷ്യത്തെ അടുത്ത മൂന്ന് മാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുവൈലിജ്. റിയാദിൽ നടന്ന 'സപ്ലൈ ചെയിൻസ് ആൻഡ് ലോജിസ്റ്റിക്‌സ് കോൺഫറൻസി'ൽ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അബഹ വിമാനത്താവളം നടപ്പാക്കാനും പ്രവർത്തിപ്പിക്കാനുമായി സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് 100-ലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് അൽദുവൈലിജ് വ്യക്തമാക്കി. വിമാനത്താവളത്തിന്റെ ശേഷി 15 ലക്ഷത്തിൽ നിന്ന് 1.3 കോടിയായി ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക.
ത്വാഇഫ്, ഖസീം, ഹാഇൽ വിമാനത്താവളങ്ങളിലും അബഹ വിമാനത്താവള പദ്ധതിക്ക് സമാനമായ സ്വകാര്യവത്കരണ സംരംഭങ്ങൾ ഉണ്ടാകുമെന്നും ദുവൈലിജ് കൂട്ടിച്ചേർത്തു.
Adjust Story Font
16

