സമയനിഷ്ഠയിൽ ലോകത്ത് മൂന്നാമത്; സിറിയം റിപ്പോർട്ടിൽ പുതിയ നേട്ടവുമായി അബഹ എയർപോർട്ട്
92.40% ഓൺ-ടൈം പെർഫോമൻസുമായാണ് നേട്ടം

റിയാദ്: സൗദിയുടെ വ്യോമയാന മേഖലയ്ക്ക് അഭിമാനമായി അബഹ അന്താരാഷ്ട്ര വിമാനത്താവളം പുതിയൊരു നേട്ടം സ്വന്തമാക്കി. 92.40% ഓൺ ടൈം പ്രകടനത്തോടെ ലോകത്തിലെ ഏറ്റവും സമയനിഷ്ഠയുള്ള വിമാനത്താവളങ്ങളിൽ അബഹക്ക് മൂന്നാം സ്ഥാനം ലഭിച്ചു. ആഗോള വ്യോമയാന വിശകലന കമ്പനിയായ സിറിയം പുറത്തുവിട്ട ഒക്ടോബറിലെ റിപ്പോർട്ടിലാണ് നേട്ടം. പ്രവർത്തനക്ഷമതയിലും സേവന നിലവാരത്തിലും വിമാനത്താവളം കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയാണ് നേട്ടത്തിന് പിന്നിൽ. അസീർ മേഖലയുടെ വിനോദസഞ്ചാര വളർച്ചയ്ക്ക് കരുത്തേകുന്ന ഒരു പ്രധാന കവാടമായി അബഹ വിമാനത്താവളം മാറുന്നതിന്റെ സൂചന കൂടിയാണിത്.
നിലവിൽ പ്രതിവർഷം 1.8 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളത്തിന്റെ ശേഷി 13 ദശലക്ഷത്തിലധികമായി ഉയർത്തുന്ന പുതിയ മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ലോകോത്തര നേട്ടം എന്നതും ശ്രദ്ധേയമാണ്. കൂടാതെ പ്രതിവർഷമുള്ള വിമാന സർവീസുകളുടെ എണ്ണം 30,000ത്തിൽ നിന്ന് 90,000ത്തിലധികമായി വർധിപ്പിക്കാനും, 65,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള അത്യാധുനിക ടെർമിനലുകൾ നിർമിക്കാനും പുതിയ വികസന പദ്ധതികളിലൂടെ ലക്ഷ്യമിടുന്നുണ്ട്.
Adjust Story Font
16

